റിയാദ്: വരുന്ന ചൊവ്വാഴ്ചയും ബുധനാഴ്ചയും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രധാനമായും ആറ് മേഖലകളിലായിരിക്കും ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.
മക്ക, മദീന, തബൂക്ക് എന്നിവിടങ്ങളിലും ഈ മേഖലകളിലെ തീരപ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്‍താനി പറഞ്ഞു. ഇതിന് പുറമെ ഹായില്‍, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മഴ ലഭിക്കും.
രാജ്യത്തെ വരും ദിവസങ്ങളിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് പ്രത്യേക പ്രസ്‍താവന ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കും. ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹുസൈന്‍ അല്‍ ഖഹ്‍താനി പറഞ്ഞു. കാലാവസ്ഥ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പിന്തുടണമെന്നും മുഴുവന്‍ സമയവും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.