കൊച്ചി : രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമ്മേളനങ്ങളും യോഗങ്ങളും നടത്തുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കൊവിഡിന്റെ സാഹചര്യത്തില്‍ പൊതുയോഗങ്ങളും മറ്റും നിയന്ത്രിച്ച് സര്‍ക്കാര്‍ ജനുവരി 20ന് ഇറക്കിയ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും ഇതു ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതു യോഗങ്ങളും സമ്മേളനങ്ങളും നടത്തുകയാണെന്നുമാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചത്. എന്നാല്‍ തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് നല്‍കിയ ഹര്‍ജി പബ്‌ളിസിറ്റി മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇതനുവദിച്ചാണ് ഹര്‍ജി തള്ളിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ കാസര്‍കോട് ജില്ലയില്‍ സി.പി.എം ജില്ലാ സമ്മേളനം നടത്തുന്നതിനെതിരെ ഹര്‍ജിക്കാരന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെമ്പാടും ഇത്തരത്തില്‍ പൊതുയോഗങ്ങളും സമ്മേളനങ്ങളും നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തില്‍ അടുത്തിടെയുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെത്തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊവിഡ് മാനദണ്ഡങ്ങളും വ്യവസ്ഥകളും ലംഘിച്ച് പൊതുനിരത്തിലിറങ്ങിയതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.