കണ്ണൂര്‍ : ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തതിനു മാവേലി എക്സ്പ്രസിലെ യാത്രക്കാരന് പോലീസിന്റെ ക്രൂരമര്‍ദനം. യാത്രക്കാരനെ കരണത്തടിച്ച്, നിലത്തിട്ട് നെഞ്ചില്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ശേഷം, ഇയാളെ വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ എഎസ്ഐയ്ക്കെതിരെയാണ് ആരോപണം. സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥന് യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളുവെന്നും യാത്രക്കാരന് മറുപടി നല്കി. കയ്യിലുള്ള ടിക്കറ്റ് കാണിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. യാത്രക്കാരന് ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയാണ് പോലീസ് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തത്. മാവേലി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് സംഭവമുണ്ടായത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.