ദില്ലി: ഒരാഴ്ചയ്ക്കുള്ളിൽ എയർ ഇന്ത്യയ്ക്ക് രണ്ടാം തവണയും പിഴ ചുമത്തി ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 2022 ഡിസംബർ 6 ന് പാരീസ് – ദില്ലി വിമാനത്തിൽ യാത്രക്കാരുടെ മോശമായ പെരുമാറ്റം ഉണ്ടായതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാത്തതിനാണ് ഡിജിസിഎ എയർലൈനിന് 10 ലക്ഷം രൂപ പിഴ ചുമത്തിയത്.
ഒരു യാത്രക്കാരൻ ടോയ്‌ലറ്റിൽ പുകവലിക്കുകയും മദ്യപിക്കുകയും ചെയ്തു. ജീവനക്കാരുടെ നിർദ്ദേശങ്ങൾ ഇയാൾ അനുസരിച്ചില്ല. ഒരു യാത്രിക സീറ്റിലില്ലാത്തപ്പോൾ മറ്റൊരു യാത്രക്കാരൻ അവിടെയിരുന്ന് അവരുടെ പുതപ്പ് ഉപയോഗച്ചു എന്നും ഡിജിസിഎ പറയുന്നു. ഈ വർഷം ജനുവരി 5 ന് സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ, എന്തുകൊണ്ടാണ് ഈ യാത്രക്കാർക്കെതിരെ നടപടിയെടുക്കാത്തതെന്ന് ചോദിച്ച് ഡിജിസിഎ എയർ ഇന്ത്യയുടെ അക്കൗണ്ടബിൾ മാനേജർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ജനുവരി 23നാണ് വിമാനക്കമ്പനി നോട്ടീസിന് മറുപടി നൽകിയത്.
മറുപടി പരിശോധിച്ചതിന് ശേഷം, സംഭവം റെഗുലേറ്ററിലേക്ക് റിപ്പോർട്ട് ചെയ്യാത്തതിനും വിഷയം അതിന്റെ ഇന്റേണൽ കമ്മിറ്റിക്ക് റഫർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും ഡിജിസിഎ എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തുകയായിരുന്നു. ജനുവരി 20 ന്, സമാനമായ ഒരു സംഭവം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വര്ത്തിയതിന് ഡിജിസിഎ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയും ഇൻ-ഫ്ലൈറ്റ് സർവീസസ് ഡയറക്ടർക്ക് 3 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. 2022 നവംബർ 26 ന് എയർ ഇന്ത്യ ന്യൂയോർക്ക് – ദില്ലിവിമാനത്തിൽ ഒരു പുരുഷ യാത്രക്കാരൻ സഹയാത്രികയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചതായിരുന്നു ഈ നടപടിക്ക് ആസ്പദമായ സംഭവം. ആ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡിന്റെ ലൈസൻസും ഡിജിസിഎ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.