സുൽത്താൻബത്തേരി : ബത്തേരി നഗരത്തിലും സമീപ പ്രദേശങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാകുന്നു. രാപകലെന്നില്ലാതെ കാട്ടുപന്നികൾ കൂട്ടമായും ഒറ്റതിരിഞ്ഞും തിരക്കേറിയ ടൗണിന്റെ പലഭാഗങ്ങളിലുമെത്തി ഭീതിവിതയ്ക്കുകയാണ്. കഴിഞ്ഞദിവസം കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രികനായ ബത്തേരി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. സഹദേവന് ഗുരുതരമായി പരിക്കേറ്റ ദൊട്ടപ്പൻകുളം ഭാഗത്തും കാട്ടുപന്നികളുടെശല്യം രൂക്ഷമാണ്. ബത്തേരി ടൗണിനോട് ചേർന്നുകിടക്കുന്ന ദൊട്ടപ്പൻകുളം, ബീനാച്ചിഭാഗങ്ങളിൽ സ്ഥിരമായി ഒരു കാട്ടുപന്നിയിറങ്ങി കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് നാട്ടുകാരുടെപരാതി. സമീപത്തെ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങളിൽനിന്ന് ഈ കാട്ടുപന്നി പൊടുന്നനെ ഓടിയെത്തി ദേശീയപാത മറികടക്കുന്നത് പതിവാണ്.
സ്ഥാപനങ്ങളിലേക്കടക്കം കാട്ടുപന്നി ഓടിക്കയറിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. പലരും തലനാരിഴയ്ക്കാണ് ഈ കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടിട്ടുള്ളത്. തിങ്കളാഴ്ചരാത്രി സി.കെ. സഹദേവൻ അപകടത്തിൽപ്പെടാൻ കാരണം ഈ കാട്ടുപന്നിയാണെന്നാണ് നാട്ടുകാർ പറയുന്നത്. മുമ്പും കാട്ടുപന്നിയിടിച്ച് ഈ ഭാഗത്ത് വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ സി.കെ. സഹദേവൻ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ദൊട്ടപ്പൻകുളം-ബീനാച്ചി പ്രദേശവാസികൾക്കും, ദേശീയപാതയിലെ യാത്രക്കാർക്കും വ്യാപാരികൾക്കുമെല്ലാം ഭീഷണിയായ ഈ പന്നിയെ വെടിവെച്ചുകൊല്ലണമെന്നാണ് ആവശ്യമുയരുന്നത്.
റോഡിനുകുറുകേ അതിവേഗത്തിൽ ചാടിക്കടക്കുന്ന കാട്ടുപന്നികൾ ഇരുചക്രവാഹന യാത്രക്കാർക്കാണ് വലിയ അപകട ഭീഷണിയാവുന്നത്. ഇതിനോടകം നിരവധി ഇരുചക്ര വാഹനയാത്രക്കാർക്ക് കാട്ടുപന്നിയിടിച്ച് സാരമായി പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇവർക്ക് വനംവകുപ്പിന്റെ ഭാഗത്തുനിന്ന് നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ല. ദേശീയപാതയ്ക്ക് പുറമേ, പുല്പള്ളി, പനമരം, ചീരാൽ റോഡുകളിലൊക്കെ കാട്ടുപന്നിയുടെ സാന്നിധ്യമുണ്ട്.