മിയാമി : ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലിലെ 48 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. റോയൽ കരീബിയൻസിന്റെ സിംഫണി ഓഫ് ദി സീസ് എന്ന ക്രൂയിസ് കപ്പലിലെ യാത്രക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടും കപ്പലിൽ ഇത്രയും പേർക്ക് രോഗം ബാധിച്ചത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ആറായിരത്തിലധികം യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
കപ്പലിലുള്ള ഒരു യാത്രക്കാരന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ പേരിൽ കോവിഡ് സ്ഥിരീകരിച്ചതെന്ന് റോയൽ കരീബിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചു വരികയാണെന്നും കമ്പനി വ്യക്തമാക്കി. കപ്പലിലുള്ള 95 ശതമാനം പേരും പൂർണമായും പ്രതിരോധ കുത്തിവെപ്പ് എടുത്തവരാണ്. കോവിഡ് സ്ഥിരീകരിച്ചവരിൽ 98 ശതമാനം പേരാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തതെന്ന് റോയൽ കരീബിയനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ 11-ന് മിയാമിയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. കരീബിയൻ തുറമുഖങ്ങളായ സെന്റ് മാർട്ടൻ, സെന്റ് തോമസ് എന്നിവിടങ്ങളിലും അതുപോലെ റോയൽ കരീബിയൻ സ്വകാര്യ ദ്വീപായ കൊക്കോകേയിലുമായിരുന്നു കപ്പലിന്റെ സന്ദർശന സ്ഥലങ്ങൾ. യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കപ്പൽ മിയാമിയിലേക്ക് തിരിച്ചതായാണ് വിവരം.