ദില്ലി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരെ വിമാനത്താവളങ്ങളിൽ വച്ച് തന്നെ മങ്കി പോക്സ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് യുഎഇയോട് ഇന്ത്യ. വിമാനത്താവളങ്ങളിൽ വച്ച് തന്നെ പരിശോധന നടത്തുകയും റിപ്പോർട്ട് നൽകുകയും ചെയ്യണമെന്നാണ് യുഎഇ സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടത്. കേന്ദ്ര ആരോഗ്യമന്ത്രി പാർലമെന്റിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയിൽ നിന്നെത്തിയവരിൽ മങ്കിപോക്സ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. കഴിഞ്ഞ ദിവസം കേരളത്തിൽ മങ്കിപോക്സ് ബാധിച്ച് മരിച്ച തൃശ്ശൂർ സ്വദേശി യുഎഇയിലെ പരിശോധയിൽ പോസിറ്റീവായ വിവരം മറച്ചുവച്ചിരുന്നു. രോഗവിവരം മറച്ചുവച്ച് നിരവധി പേരുമായി ഇടപഴകുകയും ചെയ്തു. ഈ സമ്പർക്ക പട്ടികയിലുള്ളവരെല്ലാം ഇപ്പോൾ നിരീക്ഷണത്തിലാണ്. മങ്കിപോക്സ് പ്രതിരോധത്തിൽ കേരളത്തിന് എല്ലാ സഹായവും നൽകുമെന്നും ആരോഗ്യ മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
രാജ്യത്ത് മങ്കിപോക്സ് റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ലെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മാൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ പറഞ്ഞു. ഇത്തവണ ആദ്യ കേസ് റിപ്പോർട്ട് ചെയ്യും മുൻപ് തന്നെ കേന്ദ്രം മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. മങ്കിപോക്സ് പ്രതിരോധത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും, ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയും ചെയ്തു. ഐസിഎംആർ വാക്സീനും, പരിശോധനാ കിറ്റും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ചതിന് സമാനമായ മാർഗങ്ങളിലൂടെ മങ്കിപോക്സ് പ്രതിരോധവും നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
ഇതിനിടെ മങ്കിപോക്‌സ് വാക്‌സീൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അധർ പുനെവാല അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അധർ പുനെവാലയുടെ പ്രതികരണം. ഐസിഎംആർ നേരത്തെ വാക്സീൻ വികസിപ്പിക്കുന്നതിനുള്ള താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഈ മാസം പത്തിനുള്ളിലാണ് താത്പര്യ പത്രം നൽകേണ്ടത്.
കേരളത്തിൽ മരിച്ച തൃശ്ശൂർ സ്വദേശി ഉൾപ്പെടെ 8 പേർക്കാണ് രാജ്യത്ത് ഇതുവരെ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ളത്. ദില്ലിയിൽ താമസിക്കുന്ന മറ്റൊരു നൈജീരിയൻ സ്വദേശിക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ രാജ്യ തലസ്ഥാനത്തെ രോഗികളുടെ എണ്ണം മൂന്നായി. രാജ്യത്തെ ആദ്യ കേസ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. രോഗമുക്തനായതിനെ തുടർന്ന് ഇദ്ദേഹത്തെ ഡിസ്‍ചാർജ് ചെയ്തിരുന്നു.