മനാമ: ബഹ്റൈനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസ് അപ്രതീക്ഷിതമായി റദ്ദാക്കി എയര്‍ ഇന്ത്യ. തിങ്കളാഴ്ച രാത്രി 11.45ന് ബഹ്റൈനില്‍ നിന്ന് തിരിച്ച് പുലര്‍ച്ചെ 5.05ന് ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്ന എഐ 940 വിമാനമാണ് മുന്നറിയിപ്പുകളൊന്നും നല്‍കാതെ റദ്ദാക്കിയത്. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി.
അറിയിപ്പുകളൊന്നും ലഭിക്കാത്തതിനാല്‍ യാത്ര പുറപ്പെടാനായി മണിക്കൂറുകള്‍ക്ക് മുമ്പേ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സര്‍വീസ് റദ്ദാക്കിയ വിവരം യാത്രക്കാര്‍ അറിയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്നവരുടെ ഉള്‍പ്പെടെ യാത്ര പ്രതിസന്ധിയിലായി. അത്യാവശ്യമായി യാത്ര ചെയ്യേണ്ടിയിരുന്ന ചിലര്‍ മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് തരപ്പെടുത്തി പുലര്‍ച്ചെ തന്നെ യാത്ര തിരിച്ചു. മറ്റുള്ളവര്‍ ബഹ്റൈനില്‍ കുടുങ്ങി.
അതേസമയം ഡല്‍ഹിയില്‍ നിന്ന് ബഹ്റൈനിലേക്കുള്ള സര്‍വീസ് റദ്ദാക്കിയതു കൊണ്ടാണ് തിരികെയുള്ള സര്‍വീസും റദ്ദാക്കേണ്ടി വന്നതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നു. യാത്രക്കാരെ രാത്രി തന്നെ ഹോട്ടലുകളിലേക്ക് മാറ്റിയെന്നും അത്യാവശ്യമായി പോകേണ്ടിയിരുന്നവരെ രാത്രി ഗള്‍ഫ് എയര്‍ വിമാനത്തില്‍ യാത്രയാക്കി. മറ്റുള്ളവര്‍ക്കു് ഇന്നു നാളെയുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ടിക്കറ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.