ബെയ്ജിങ്: യാത്രക്കാരുണ്ടാക്കുന്ന പ്രശ്നങ്ങൾ കാരണവും അവരുടെ മോശം പെരുമാറ്റം കാരണവുമൊക്കെ വിമാനങ്ങൾ വൈകുന്ന സംഭവങ്ങൾ ആദ്യമായിട്ടല്ല വാർത്തകളാവുന്നത്. എന്നാൽ യാത്രക്കാരി കൊണ്ടുവന്ന ഹാന്റ് ബാഗ് വിലകൂടിയതാണെന്ന പേരിൽ നിലത്തുവെയ്ക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് വിമാനം ഒരു മണിക്കൂറിലധികം വൈകിയ വാർത്തയാണ് ചൈനയിൽ നിന്ന് പുറത്തുവരുന്നത്. ഒടുവിൽ യാത്രക്കാരിയെ പുറത്തിറക്കിയാണ് വിമാനം പുറപ്പെട്ടത്.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. 40 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്. ലോകപ്രശസ്തമായ ഒരു ആഡംബര ബ്രാൻഡിന്റെ ഹാന്റ് ബാഗാണ് യുവതി വിമാന യാത്രയിൽ കൈയിൽ കരുതിയിരുന്നത്. വിമാനത്തിൽ കയറി, പുറപ്പെടാൻ നേരം ബാഗ് തൊട്ടുമുന്നിലുള്ള സീറ്റിന്റെ അടിയിൽ വെയ്ക്കാൻ ജീവനക്കാർ നിർദേശം നൽകി. എന്നാൽ ബാഗ് വിലകൂടിയതാണെന്ന് പറഞ്ഞ് യുവതി ഈ ആവശ്യം നിരസിച്ചു. സമീപത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് സംഭവങ്ങളെല്ലം മൊബൈൽ ക്യാമറയിൽ പകർത്തിയത്.
സൗത്ത് വെസ്റ്റേൺ ചൈനയിലെ ചോങ്ക്വിങ് മുനിസിപ്പാലിറ്റിയിലെ വിമാനത്താവളത്തിലായിരുന്നു സംഭവം. യുവതിയും ജീവനക്കാരും തമ്മിലുള്ള തർക്കം കാരണം വിമാനം ഒരു മണിക്കൂറിലധികം വൈകി. ഒടുവിൽ ഇവരെ പുറത്തിറക്കിയ ശേഷം വിമാനം പുറപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി യാത്രക്കാരിയെ വിമാനത്തിന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ മറ്റ് യാത്രക്കാർ കൈയടിക്കുന്നതും വീഡിയോയിൽ കാണാം.
യുവതിയുടെ കൈയിലുണ്ടായിരുന്ന ബാഗിന് ഏതാണ്ട് 3000 ഡോളർ (ഏകദേശം രണ്ടര ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വിലയുണ്ടായിരുന്നത്രെ. യുവതി യാത്ര ചെയ്യാനിരുന്ന ചൈന എക്സ്പ്രസ് എയർലൈനിലെ ഇക്കണോമി ക്ലാസിലെ ടിക്കറ്റിന് 110 ഡോളാറിയിരുന്നു നിരക്ക്. പുറപ്പെടാൻ തയ്യാറെടുത്തിരുന്ന വിമാനം തിരികെ ബോർഡിങ് ഗേറ്റിലേക്ക് കൊണ്ടുവന്നാണ് യുവതിയെ ഇറക്കിയത്.
സംഭവത്തിൽ വിമാനക്കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവാദത്തിൽ ഉൾപ്പെട്ട സ്ത്രീയുടെ വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ പലരും രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തുന്നത്. ഒരാളെ പുറത്താക്കാൻ വിമാനം ഒരു മണിക്കൂറിലധികം വൈകിപ്പിക്കണോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് ആളുകൾ ഉയർത്തുന്നത്.