ഹരിപ്പാട്: പിതാവ് മരിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കാൻ പിതാമഹന് (പിതാവിന്റെ പിതാവ്) ബാധ്യതയുണ്ടെന്ന് കോടതി. കുട്ടിക്ക് പ്രായപൂർത്തിയാകുന്നത് വരെ ചെലവിന് നൽകണമെന്നും മാവേലിക്കര കുടുംബകോടതി ഉത്തരവിട്ടു.കായംകുളം സ്വദേശി കുഞ്ഞുമോന്റെ മകൻ മുജീബ് ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് നിരാലംബരായ മുജീബിൻറെ ഭാര്യ മുട്ടം സ്വദേശി ഹൈറുന്നിസയെയും കുഞ്ഞിനേയും കുഞ്ഞുമോൻ വീട്ടിൽനിന്ന് ഇറക്കി വിട്ടു. കുഞ്ഞിന് ചെലവിനു കിട്ടാനും തൻറെ പിതാവിൽ നിന്നും വാങ്ങിയ പണവും സ്വർണാഭരണങ്ങളും തിരികെ ലഭിക്കാനും കുഞ്ഞുമോനെതിരെ ഹൈറുന്നിസാ അഡ്വ. എം. താഹ മുഖേന കേസു കൊടുത്തു.
മകൻറെ കുട്ടിക്ക് ചെലവിനു നൽകാൻ തനിയ്ക്ക് ബാധ്യത ഇല്ല എന്നായിരുന്നു കുഞ്ഞുമോന്റെ നിലപാട്. എന്നാൽ, ഇസ്ലാമിക നിയമം അനുസരിച്ച് പിതാവില്ലെങ്കിൽ പിതാമഹനാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കേണ്ട ബാധ്യത എന്ന് കോടതി നിരീക്ഷിച്ചു.