പഠാന്‍റെ വിജയം ബോളിവുഡിന് നല്‍കുന്ന ആശ്വാസം തെല്ലൊന്നുമല്ല. കൊവിഡ് കാലത്തിനു ശേഷം ട്രാക്ക് തെറ്റിപ്പോയ ബോളിവുഡിന് ഒരു വന്‍ തിരിച്ചുവരവാണ് ചിത്രം നല്‍കിയിരിക്കുന്നത്, ഒപ്പം ഷാരൂഖ് ഖാനും. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ നാല് വര്‍ഷത്തിനു മുന്‍പ് കരിയറില്‍ എടുത്ത ഇടവേളയ്ക്കു ശേഷം ഒരു കിംഗ് ഖാന്‍ ചിത്രം ആദ്യമായി തിയറ്ററുകളില്‍ എത്തുകയായിരുന്നു. അതിന്‍റേതായി പ്രീ റിലീസ് ഹൈപ്പുകളൊക്കെ ഉണ്ടായിരുന്ന ചിത്രം കാണികള്‍ ഇഷ്ടപ്പെട്ടതോടെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി പ്രവഹിച്ചു. ഉത്തരേന്ത്യയിലെ സിംഗിള്‍ സ്ക്രീനുകള്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ജനസമുദ്രങ്ങളായി. പാന്‍ ഇന്ത്യന്‍ തലത്തില്‍ വലിയ വിജയമാണ് പഠാന്‍ നേടിക്കൊണ്ടിരിക്കുന്നത്.
റിപബ്ലിക് ദിന തലേന്ന് ബുധനാഴ്ചയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. അതിനാല്‍തന്നെ അഞ്ച് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് 55 കോടി നേടിയ ചിത്രം വ്യാഴാഴ്ച 68 കോടിയും വെള്ളിയാഴ്ച 38 കോടിയുമാണ് നേടിയത്. ശനി ഞായര്‍ ദിനങ്ങളില്‍ യഥാക്രമം 51.50 കോടിയും 58.50 കോടിയുമായിരുന്നു ചിത്രത്തിന്‍റെ നേട്ടം. വീക്കെന്‍ഡില്‍ മികച്ച വിജയം നേടുന്ന ചിത്രങ്ങളും റിലീസിന്‍റെ ആദ്യ തിങ്കളാഴ്ചയില്‍ എത്ര നേടും എന്നത് ചലച്ചിത്ര വ്യവസായത്തിന്‍റെ എപ്പോഴത്തെയും കൌതുകമാണ്. എന്നാല്‍ പഠാന്‍ ആ വെല്ലുവിളിയെയും ഭേദപ്പെട്ട നിലയില്‍ മറികടന്നിരിക്കുകയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് തിങ്കളാഴ്ച ചിത്രം നേടിയത് 25.50 കോടിയാണ്. ഈ വാരം ഇനിയുള്ള ദിനങ്ങളില്‍ ചിത്രം വീണ്ടും കുതിപ്പ് നടത്തും എന്ന് ഉറപ്പാണ്. അതേസമയം അഞ്ച് ദിനങ്ങളില്‍ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 542 കോടിയാണ്.