പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച. ഏപ്രില്‍ നാലു വരെ പേര് ചേര്‍ക്കാന്‍ അവസരമുണ്ടെങ്കിലും അപേക്ഷ പരിശോധിക്കാന്‍ 10 ദിവസം ആവശ്യമായതിനാല്‍ 25 വരെ സമര്‍പ്പിക്കുന്നവര്‍ക്കെ വോട്ട് ചെയ്യാന്‍ സാധിക്കൂ.
തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ നാലിനു പ്രസിദ്ധീകരിക്കും. പുതുതായി പേരു ചേര്‍ക്കാനും തിരുത്തലുകള്‍ക്കുമായി https://voters.eci.gov.in/ വെബ്സൈറ്റ് മുഖേന അക്ഷയകേന്ദ്രം വഴിയും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയില്‍ വോട്ടര്‍മാരുടെ വയസ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുണ്ടാകണം. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ വോട്ടര്‍മാരുടെ ബൂത്ത് അടിസ്ഥാനത്തില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ക്ക് പരിശോധനയ്ക്കായി കൈമാറും.
ഇതു സംബന്ധിച്ച വിവരങ്ങള്‍ വോട്ടര്‍മാര്‍ക്ക് എസ്.എം.എസായി ലഭിക്കും. ഐഡി കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് പേര് പട്ടികയില്‍ ചേര്‍ത്തതിന് ശേഷം ബി.എല്‍.ഒ/ പോസ്റ്റ് മുഖേനയോ താലൂക്ക് ഓഫീസില്‍ നിന്ന് നേരിട്ടോ വോട്ടര്‍ ഐഡി കാര്‍ഡ് ലഭിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.