പത്തനംതിട്ട: അറ്റകുറ്റപ്പണിക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഓപറേഷൻ തിയറ്റർ രണ്ടാഴ്ചയിലേറെയായി അടച്ചിട്ടതോടെ അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ട രോഗികൾ ഉൾപ്പെടെ പ്രതിസന്ധിയിൽ.അതേസമയം, അടിയന്തര ശസ്ത്രക്രിയ തിയറ്റർ മാത്രം പ്രവർത്തിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു. മറ്റ് ശസ്ത്രക്രിയ തിയറ്ററുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്.
വാർഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇലക്ട്രിക് ജോലികൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി അണുമുക്തമാക്കി ഉടൻ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ. തിയറ്ററുകൾക്ക് വാർഷിക അറ്റകുറ്റപ്പണി അനിവാര്യമായതിനാലാണ് അടച്ചിടൽ വേണ്ടിവന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തിയറ്റർ അടച്ചതോടെ ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ കോട്ടയം മെഡിക്കൽ കോളജിലേക്കോ മറ്റ് ആശുപത്രികളിലേക്കോ മാറ്റുകയാണ് ചെയ്യുന്നത്. എല്ലാ തിയറ്ററുകളും ഒന്നിച്ച് അടച്ചിട്ടതോടെ സാധാരണക്കാരായ രോഗികൾ ബുദ്ധിമുട്ടിലായി. അടിയന്തര ശസ്ത്രക്രിയ കേസുകൾപോലും മറ്റ് ആശുപത്രികളിലേക്ക് അയക്കുന്നുണ്ടെന്നാണ് രോഗികൾ പറയുന്നത്.
അപകടത്തിൽപെട്ടും മറ്റുമെത്തുന്നവരുടെ ഓർത്തോ വിഭാഗത്തിലെ ഒരു ശസ്ത്രക്രിയയും ഇവിടെ നടക്കുന്നില്ല. പത്തനംതിട്ടയിലെ പ്രധാന സർക്കാർ ആശുപത്രിയിലാണ് തിയറ്റർ മുഴുവൻ അടച്ചിട്ട് രോഗികളെ ബുദ്ധിമുട്ടിക്കുന്നത്. കിഴക്കൻ മലയോര മേഖലയിൽനിന്ന് മണിക്കൂറുകൾ യാത്രചെയ്ത് നിരവധിയാളുകൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. ഇവരിൽ മുൻകൂട്ടി നിശ്ചയിച്ചവരിലടക്കം പല ശസ്ത്രക്രിയകളുടെയും തീയതി നീട്ടിയിരിക്കുകയാണ്.
ഡോക്ടർമാർക്ക് കൂട്ട സ്ഥലം മാറ്റം
റെസിഡന്റ് മെഡിക്കൽ ഓഫിസർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഡോക്ടർമാരെ ജനറൽ ആശുപത്രിയിൽനിന്ന് കൂട്ടത്തോടെ സ്ഥലം മാറ്റിയതും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചു. സർജൻ, ഗൈനക്കോളജി, ഓർത്തോ, ഫിസിഷൻ, ഡെന്റൽ വിഭാഗങ്ങളിലെ ഡോക്ടർമാരെയാണ് ഒരുമിച്ച് മാറ്റിയത്. പകരം ചുമതല ഏൽക്കേണ്ടവർ അടുത്ത ദിവസങ്ങളിലേ എത്തുകയുള്ളൂ. മാനസിക ആരോഗ്യം, ത്വക്ക് വിഭാഗങ്ങളിൽ നിരവധി നാളുകളായി ഡോക്ടർമാരുടെ ഒഴിവുകൾ നികത്തിയിട്ടില്ല.