തിരുവല്ല: അഭയ കേന്ദ്രത്തിൽ ഓട്ടിസം ബാധിതനായ 16 കാരനെ കന്യാസ്ത്രീകൾ മർദിച്ചെന്ന് പരാതി. പരിക്കേറ്റ കുട്ടി ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. പുളിക്കീഴ് പൊലീസ് കേസെടുത്തതിനെത്തുടർന്ന് കുട്ടിയുടെ മാതാവിൽനിന്ന് മൊഴി രേഖപ്പെടുത്തി.
തിരുവനന്തപുരം വെള്ളറട കൂത്താടി സെൻറ് ആൻസ് കോൺവെന്റിന്റെ കീഴിലുള്ള സ്നേഹഭവനിലാണ് സംഭവം. 2023 ജൂൺ 27നാണ് കുട്ടിയെ സ്നേഹഭവനിൽ പ്രവേശിപ്പിച്ചത്. ഇടക്ക് വീട്ടിൽ കൊണ്ടുവന്നപ്പോൾ ദേഹത്ത് അടിയേറ്റ പാടുണ്ടായിരുന്നതായി പറയുന്നു. അന്ന് ഇതേപ്പറ്റി ചോദിച്ചപ്പോൾ അനുസരണക്കേടിന്റെ ഭാഗമായി അടിച്ചതാണെന്നും ക്ഷമിക്കണമെന്നും പ്രിൻസിപ്പൽ പറഞ്ഞതായി കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി.
തുടർന്ന് വീണ്ടും സ്നേഹഭവനിൽ എത്തിച്ചിരുന്നു. ഈസ്റ്ററിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം വീട്ടിലേക്ക് കൊണ്ടുവന്ന കുട്ടിയുടെ ദേഹത്ത് മർദനമേറ്റ നിരവധി പാടുകൾ കണ്ടു. കുട്ടിയിൽനിന്ന് കൃത്യമായ വിവരം ലഭിക്കാതിരുന്നതിനെത്തുടർന്ന് പ്രിൻസിപ്പലിനെ വിളിച്ച് കാര്യങ്ങൾ ചോദിച്ചു. കുട്ടി കോൺവെന്റിൽനിന്ന് ഇറങ്ങി ഓടിയെന്നും സമീപവീട്ടിലെ വയോധിക വടികൊണ്ട് മർദിച്ചെന്നുമായിരുന്നു മറുപടി. തുടർന്ന് ഇവർ വയോധികയുടെ മേൽവിലാസം ചോദിച്ചു. ഇതോടെ കുട്ടിയെ താനാണ് മർദിച്ചതെന്ന് പ്രിൻസിപ്പൽ കുറ്റമേറ്റു. പിന്നാലെ പ്രിൻസിപ്പൽ സിസ്റ്റർ ഷീജയും മറ്റ് രണ്ട് കന്യാസ്ത്രീകളും വീട്ടിലെത്തി, മർദിച്ചത് കോൺവെന്റിന്റെ ചുമതലയുള്ള സിസ്റ്റർ റോസിയാണെന്ന് സമ്മതിച്ചതായി കുട്ടിയുടെ മാതാവ് പറഞ്ഞു.
കുട്ടിയുടെ ശരീരത്തിലെ പാടുകൾ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പ്രകാരം മെഡിക്കൽ ഓഫിസർ എസ്. ശാലിനി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്.