മംഗളൂരു : കോവിഡ് മൂന്നാം തരംഗ ഭീതിയുടെ പശ്ചാത്തലത്തിൽ രോഗവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച രാത്രി നിലവിൽ വന്നു. അവശ്യ സേവനങ്ങളെ കർഫ്യൂ ബാധിച്ചില്ല. നാളെ രാവിലെ 5 വരെയാണു കർഫ്യൂ. വാരാന്ത്യ കർഫ്യൂവിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ മംഗളൂരു നഗരത്തിൽ 10 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. മാസ്ക് ധരിക്കാത്ത 108 പേർക്കു പിഴ ചുമത്തി. കർഫ്യൂ നിലനിൽക്കെ അനാവശ്യമായി പുറത്തിറങ്ങുന്നവരെ തടയാൻ പോലീസ് കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിന്റെ എല്ലാ ഭാഗത്തും ചെക്പോസ്റ്റുകൾ സ്ഥാപിച്ചു പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി മുതൽ തന്നെ പോലീസ് കമ്മിഷണർ എൻ.ശശികുമാർ, ഡിസിപിമാരായ ഹരിറാം ശങ്കർ, ബി.പി.ദിനേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസിപിമാർ മുതൽ എസ്‌ഐമാർ വരെയുള്ളവർ പട്രോളിങ്ങും പരിശോധനയും ആരംഭിച്ചിരുന്നു. ഇന്നലെയും കർശന പരിശോധന തുടർന്നു.
തിരിച്ചറിയൽ കാർഡും മറ്റു രേഖകളും പരിശോധിച്ചാണ് ആളുകളെ യാത്ര ചെയ്യാൻ അനുവദിച്ചത്. അനാവശ്യമായി ചുറ്റിക്കറങ്ങാൻ ഇറങ്ങിയവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു. ബസുകൾ സർവീസ് നടത്താൻ അനുവദിച്ചിരുന്നെങ്കിലും ഏതാനും ബസുകൾ മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്. കെഎസ്ആർടിസിയും സർവീസ് വെട്ടിക്കുറച്ചു. അവശ്യ സേവനങ്ങളെ കർഫ്യൂ ബാധിച്ചില്ല. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും ഹോട്ടലുകളും തുറന്നു. വ്യവസായ സ്ഥാപനങ്ങൾ പോലുള്ളവയൊഴിച്ചുള്ള സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. മെഡിക്കൽ – പാരാമെഡിക്കൽ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. എന്നാൽ പരീക്ഷയ്ക്ക് ഇളവു നൽകിയിരുന്നു.
കർഫ്യൂ ലംഘിച്ച് ഓഫ്‌ലൈൻ ക്ലാസ് നടത്തിയ മംഗളൂരു ബൽമട്ടയിലെ യേനെപോയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സ്, സയൻസ്, കൊമേഴ്‌സ്, ആൻഡ് മാനേജ്‌മന്റ് ജില്ലാ ഡപ്യൂട്ടി കമ്മിഷണർ ഡോ.കെ.വി.രാജേന്ദ്രയുടെ നിർദേശത്തെ തുടർന്ന് ഉച്ചയ്ക്ക് അടപ്പിച്ചു. ജില്ലയുടെ ഇതര ഭാഗങ്ങളിൽ കേരള അതിർത്തിയിൽ 9 ചെക്പോസ്റ്റുകളും മറ്റു ഭാഗങ്ങളിൽ 22 ചെക്‌പോസ്റ്റുകളും സ്ഥാപിച്ച് പരിശോധന നടത്തിയതായി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ഉഡുപ്പി, കുന്താപുരം, കാർക്കള, സുള്ള്യ, പുത്തൂർ, ബൽത്തങ്ങാടി, ബണ്ട്വാൾ, മൂഡബിദ്രി തുടങ്ങി മിക്ക നഗരങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടന്നതോടെ ഏറെക്കുറെ വിജനമായ സ്ഥിതിയായിരുന്നു.