ഉത്തരാഖണ്ഡ്: പട്വാരി-ലേഖ്പാൽ പേപ്പർ ചോർച്ച കേസിൽ 60 പേർക്കെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം സമർപ്പിച്ചവരിൽ പരീക്ഷയിൽ വിജയിക്കാൻ അന്യായമായ മാർഗങ്ങൾ ഉപയോഗിച്ച 40 ഉദ്യോഗാർത്ഥികളും ഉൾപ്പെടുന്നുവെന്ന് ഹരിദ്വാർ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു.
ഹരിദ്വാർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പട്വാരി-ലേഖ്പാൽ പേപ്പർ ചോർച്ച കേസിൽ 60 പ്രതികൾക്കെതിരെ വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുറ്റപത്രം സമർപ്പിച്ചവരിൽ പരീക്ഷയിൽ വിജയിക്കാൻ അന്യായമായ മാർഗങ്ങൾ ഉപയോഗിച്ച 40 ഉദ്യോഗാർത്ഥികളും ഉൾപ്പെടുന്നുവെന്ന് ഹരിദ്വാർ സീനിയർ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ പരാതിയിൽ ഏഴുപേരെയാണ് ആദ്യം പ്രതികളാക്കിയത്. സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും സംഘം പരിശോധിച്ചു വരികയാണ്. അപേക്ഷകരിൽ നിന്ന് മൊബൈൽ ഫോണുകൾ, പ്രിന്ററുകൾ, ബ്ലാങ്ക് ചെക്കുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പണം എന്നിവയും കണ്ടെടുത്തു.
യു.കെ.പി.എസ്.സി.യുടെ കോൺഫിഡൻഷ്യൽ വിഭാഗത്തിലെ മുൻ സെക്ഷൻ ഓഫീസർ സഞ്ജീവ് ചതുർവേദി, ഭാര്യ റിതു ചതുർവേദി, സഹരൻപൂർ സ്വദേശി ഖഡ്കു എന്ന സോനു, ഹരിദ്വാറിൽ താമസിക്കുന്ന ദീപക്, സൗരഭ് പ്രജാപതി എന്നിവരാണ് കുറ്റപത്രത്തിലെ പ്രധാന പ്രതികൾ. ഇവരെ അടുത്ത അഞ്ച് വർഷത്തേക്ക് സർക്കാർ പരീക്ഷയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കാൻ തീരുമാനിച്ചതായി സർക്കാർ പരീക്ഷാ ബോഡി അറിയിച്ചു.