ദില്ലി: പോൾ മുത്തൂറ്റ് വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ മുത്തൂറ്റ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. എട്ട് പ്രതികളുടെ ജീവപര്യന്തം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് മുത്തൂറ്റ് കുടുംബത്തിന്റെ ഹർജി. ഒന്നാം പ്രതി ജയചന്ദ്രനെ വിട്ടയച്ച വിധിക്കെതിരായ അപ്പീൽ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബഞ്ചാകും ഹർജി പരിഗണിക്കുക.
യുവവ്യവസായി പോള്‍ എം ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളെ 2019 ലാണ് ഹൈക്കോടതി വെറുതെവിട്ടത്. ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീശ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒമ്പതാം പ്രതി ഫൈസൽ എന്നിവരെയാണ് വെറുതെവിട്ടത്. എട്ട് പ്രതികളുടെയും ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ കൊലക്കുറ്റം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി.
രണ്ടാം പ്രതി കാരി സതീശ് ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ശിക്ഷ റദ്ദാകുകയും ചെയ്തിരുന്നില്ല. കേസിലെ ഒമ്പതാം പ്രതിയെ എല്ലാ ശിക്ഷകളിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. പ്രതികൾക്ക് കൊലപാതകം അടക്കമുള്ള കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എഎം ഷഫീഖ് പ്രതികളെ വെറുതെവിട്ടത്. സിബിഐയാണ് കേസ് അന്വേഷിച്ചത്.
2009ന് രാത്രി ആലുപ്പുഴ- ചങ്ങനാശ്ശേരി റൂട്ടിലെ പൊങ്ങ ജംഗ്ഷനിലായിരുന്നു പോൾ മുത്തൂറ്റ് കൊല്ലപ്പെടുന്നത്. ക്വട്ടേഷൻ ആക്രമണത്തിനായി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന പ്രതികളുമായി ഒരു ബൈക്ക് അപകടത്തെ ചൊല്ലി പോൾ വാക്കുത്തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് കാറിലുണ്ടായിരുന്ന പോളിനെ പുറത്തിറക്കി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസ് തെളിയിക്കാൻ പൊലീസ് എസ് ആകൃതിയിലുള്ള കത്തി പണിയിപ്പിച്ച കാര്യം പുറത്ത് വന്നത് വൻ കോളിളക്കം ഉണ്ടാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ പ്രതികൾ യഥാർത്ഥ പ്രതികൾ അല്ലെന്ന് മുത്തൂറ്റ് കുടുംബം അന്ന് തന്നെ ആരോപിച്ചിരുന്നു. ഗുണ്ടാ തലവൻമാരായ പുത്തംപാലം രാജേഷ്, ഓം പ്രകാശ് എന്നിവർ പോൾ മുത്തൂറ്റിനൊപ്പം ഉണ്ടായിരുന്നത് കേസിൽ ദുരൂഹതകൾ വർദ്ധിപ്പിച്ചിരുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 2010 ജനുവരിയിൽ കേസന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് വിടുകയായിരുന്നു. 2015 ലാണ് 9 പ്രതികളെ ജീവപര്യന്തം തടവിനും 4 പ്രതികളെ മൂന്ന് വഷം കഠിന തടവിനും സിബിഐ കോടതി ശിക്ഷിച്ചത്. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും ക്വട്ടേഷൻ ആക്രമണത്തിനായി ഗൂഢാലോചന നടത്തിയതും സംഘം ചേർന്നതും അടക്കമുള്ള വകുപ്പ് പ്രതികൾക്കെതിരെ നിലനിര്‍ത്തിയിരുന്നു.