ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ അറസ്റ്റിലായ പവൻ ഖേര ഇടക്കാല ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങി. പവൻ ഖേരയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ ഏർപ്പെടുത്തിയത്. പൂച്ചെണ്ട് നൽകിയും മുദ്രാവാക്യം വിളിച്ചുമാണ് ഇദ്ദേഹത്തെ പ്രവർത്തകർ സ്വീകരിച്ചത്. സത്യം ജയിച്ചു എന്നായിരുന്നു കോടതി വളപ്പിൽ നിന്ന് പുറത്തിറങ്ങിയ പവൻ ഖേര ആദ്യം പ്രതികരിച്ചത്. തനിക്കെതിരായ നടപടി, നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ വേട്ടയാടലാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്ലീനറി യോഗത്തിൽ പങ്കെടുക്കനാണ് പോകുന്നതെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ പവൻ ഖേരയ്ക്ക് സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച വരെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുകൾ ഒന്നിച്ചാക്കണമെന്ന പവൻ ഖേരയുടെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചിരുന്നു. പവൻ ഖേരയ്ക്കെതിരെ കേസെടുത്ത അസം, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്ക് നോട്ടീസ് നൽകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഒരു നാക്കുപിഴയുടെ പേരിലാണ് ഗുരുതര കുറ്റം ചുമത്തിയതെന്നും നിർഭാഗ്യകരമായ സംഭവമെന്നും കോൺഗ്രസ് അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി കോടതിയിൽ പറഞ്ഞു. പവൻ ഖേരയുടെ പരാമർശത്തിന്റെ വീഡിയോ കോടതി പരിശോധിച്ചു. ഇതിന് ശേഷമാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
അതേസമയം നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ എഐസിസി വക്താവ് പവന്‍ ഖേരക്കെതിരായ നടപടി ജനാധിപത്യവിരുദ്ധമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനായി റായ്പൂരിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ഖേരയെ വ്യക്തമായ കാരണങ്ങളില്ലാതെയാണ് വിമാന യാത്രാനുമതി നിഷേധിച്ച് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായി നിരവധി പേര്‍ വിമാനത്തിലുണ്ടായിരുന്നു. വിമാനം പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് പരിശോധനകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പവന്‍ ഖേരയെ വിമാനത്തില്‍ നിന്നും പുറത്തേക്ക് ഇറക്കിയത്. താന്‍ അടക്കമുള്ളവര്‍ അധികൃതരുടെ ഈ നടപടിയെ ചോദ്യം ചെയ്തു. പവന്‍ ഖേരക്ക് യാത്രാനുമതി നിഷേധിക്കാനുണ്ടായ കാര്യത്തെ കുറിച്ച് എയര്‍ലൈൻ അധികൃതരോട് വിശദീകരണം ചോദിച്ചപ്പോള്‍ ഡല്‍ഹി പൊലീസിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് പുറത്താക്കിയതെന്നാണ് മറുപടി നല്‍കിയത്. തുടര്‍ന്ന് താനും രണ്‍ദീപ് സിങ് സുര്‍ജേവാല ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ പ്രതിഷേധിച്ചെന്നും വേണുഗോപാൽ വിവരിച്ചു.
വാക്കാല്‍ പറയുന്നതല്ലാതെ പവന്‍ ഖേരയെ കസ്റ്റഡിയിലെടുക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ രേഖകളില്ലായിരുന്നു. കള്ളംപ്പറഞ്ഞ് അദ്ദേഹത്തെ അവിടെ നിന്ന് കൂട്ടിക്കൊണ്ടുപോകാനുള്ള ഡല്‍ഹി പോലിസിന്‍റെ ശ്രമങ്ങളെ താനടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ് ആസാം പോലീസ് തട്ടിക്കൂട്ട് റിപ്പോര്‍ട്ടും ദുര്‍ബലമായ വകുപ്പുകളും ചുമത്തി പവന്‍ ഖേരയെ കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ യാത്രവിലക്കും തടങ്കലും വിധിക്കുന്ന തലത്തിലേക്ക് രാജ്യത്തെ ജനാധിപത്യം അധപതിച്ചു. പ്രതികാര നടപടികളിലൂടെ പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം എങ്ങനെയും അലങ്കോലപ്പെടുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യം ഛത്തീസഗഢ് കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി,ഇപ്പോള്‍ എഐസിസി വക്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.മോദി ഭരണത്തില്‍ എന്തും നടക്കുമെന്ന അവസ്ഥയാണ്. വ്യക്തമായ കാരണങ്ങളില്ലാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒരു കാരണവശാലും കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.