പയ്യന്നൂര്‍: എസ്‍സി ഫണ്ട് തട്ടിപ്പില്‍ ന്യായീകരണവുമായി പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്സന്‍. പാറയുള്ള കുന്നാണെങ്കിലും ജൈവഗ്രാമം പദ്ധതിക്ക് അനുയോജ്യമായ ഭൂമിയിയാണ് പയ്യന്നൂർ മുക്കൂട് കുന്നിലേതെന്നാണ് നഗരസഭ ചെയർ പേഴ്സൺ കെ വി ലളിതയുടെ ന്യായീകരണം. ഒന്നരക്കോടിയിലേറെ മുടക്കിയതിന് വൈകാതെ ഫലം കിട്ടും. കൂടുതൽ എസ്‍സി ഫണ്ട് ഉപയോഗിച്ച് പദ്ധതി മുന്നോട്ട് കൊണ്ടുപോകും. റിയൽ എസ്റ്റേറ്റ് ഇടപാടെന്ന് തെളിയിച്ചാൽ രാജിവയ്ക്കാം. പദ്ധതി തുടങ്ങുമ്പോൾ ഗുണഭോക്താക്കളായവരോട് സംസാരിക്കേണ്ടതില്ലെന്നും കെ വി ലളിത പറഞ്ഞു.
പട്ടിക ജാതിക്കാർക്ക് സ്വയം തൊഴിലിനെന്ന പേരിലാണ് സിപിഎം ഭരിക്കുന്ന പയ്യന്നൂർ നഗരസഭ ജൈവഗ്രാമം പദ്ധതി നടപ്പാക്കിയത്. പാറക്കെട്ട് നിറഞ്ഞ പാഴ് ഭൂമി റിയൽ എസ്റ്റേറ്റ് ഇടപാടിലൂടെ വൻ വില കൊടുത്തുവാങ്ങി അവിടെ നിർമ്മിച്ച കെട്ടിടങ്ങളൊക്കെയും പത്ത് വർഷത്തിനിപ്പുറം നശിച്ചു. കാനായി റോഡിൽ മുക്കൂട് എത്തുമ്പോൾ ജൈവഗ്രാമത്തിലേക്ക് സ്റ്റൈലൻ ബോർഡുണ്ട്. മുകളിലേക്ക് ഒരു വാഹനത്തിന് കഷ്ടിച്ച് കയറിപ്പോകാം. വർഷങ്ങളായി ആൾ പെരുമാറ്റം ഇല്ലാത്തതിനാൽ പ്രദേശം കാടുകയറി. 2011 -12 കാലത്താണ് പയ്യന്നൂർ നഗരസഭയിലെ പട്ടികജാതി വിഭാഗക്കാർക്ക് കൃഷിചെയ്യാനും കൈത്തൊഴിലുമായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവഗ്രാമം പദ്ധതി തുടങ്ങിയത്.
അക്കാലത്ത് സെന്‍റിന് അഞ്ചായിരം രൂപ പോലും വിലയില്ലാത്ത പാറകുന്നായിരുന്നു ഇത്. കൃത്യം ഒരുവർഷം കഴിഞ്ഞ് പയ്യന്നൂർ നഗരസഭ സെന്‍റിന് 14000 രൂപ നിരക്കിൽ എഴുപത്തിമൂന്ന് ലക്ഷത്തി എണ്ണൂറ് രൂപ നൽകിയാണ് ഈ ഭൂമി വാങ്ങുന്നത്. നഗരസഭ ഭരിക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് പണം തട്ടാനാണ് ഈ വസ്തു ഇടപാടെന്ന് അന്നുതന്നെ ആരോപണം ഉയർന്നെങ്കിലും ഒരു അന്വേഷണവും ഉണ്ടായില്ല. വിവരാവകാശ പ്രകാരം കിട്ടിയ കണക്കിൽ 2017 വരെ ഇങ്ങോട്ടേക്ക് റോഡിനായി മണ്ണെടുക്കൽ, ടാറിങ്ങ്, ഓവുചാൽ നിർമ്മാണം ഇങ്ങനെ പല ഇനങ്ങളിലായി 4642297 രൂപ ചെലവാക്കി. 2017 ന് ഷെഡ് നിർമ്മാണത്തിനായി 15 ലക്ഷം വീതം വേറെയും പൊടിച്ചു.