തിരുവനന്തപുരം: സോളാര്‍ പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി പി സി ജോർജ്ജ് രഹസ്യ മൊഴി നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ലാണ് മൊഴി നൽകിയത്. സിബിഐയുടെ അപേക്ഷ പ്രകാരമാണ് രഹസ്യമൊഴി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഉമ്മന്‍ചാണ്ടി ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.
അതേസമയം, സോളാർ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിൽ അതൃപ്തിയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി സമർപ്പിച്ചത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ 18 പേരുടെ പേരുകളുണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണമെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. ആറ് കേസുകൾ രജിസ്റ്റർ ചെയ്ത സിബിഐ ഒരു കേസിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സോളാർ കേസിൽ തന്നെ സാമ്പത്തികമായും ലൈംഗികമായും ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ചൂഷണം ചെയ്തെന്നാണ് പരാതി.
സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എംപി, മുൻ മന്ത്രി എ പി അനിൽകുമാർ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. അടൂർ പ്രകാശിനെ ദില്ലയിലും, അനിൽ കുമാറിനെ മലപ്പുറത്തും വച്ചാണ് ചോദ്യം ചെയ്തത്. സോളാർ തട്ടിപ്പ് കേസിലെ പ്രതി നൽകിയ പരാതിയിൽ ഇവർക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്. സോളാർ പദ്ധതിക്ക് സഹായം വാദ്ഗാനം ചെയ്ത് മന്ത്രിമന്ദിരങ്ങളിലും അതിഥി മന്ദിരങ്ങളിലും വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.