കൊച്ചി> ബിജെപി ലയനത്തോടെ പത്തനംതിട്ട ലോക്സഭാ സീറ്റ് സ്വയം ഉറപ്പിച്ചാണ് പി സി ജോർജിൻ്റെ നീക്കം. ഇതിനായി ഇക്കാലമത്രയും കൊണ്ടു നടന്ന തൻ്റെ കേരള ജനപക്ഷം (സെക്കുലർ) പാർട്ടിയെ തന്നെ ബിജെപിക്ക് വിറ്റു. ശബരിമല ആചാരസംരക്ഷണത്തിൻ്റെ മറപിടിച്ചിട്ടും കരകയറാതെ പോയ ബി ജെ പിയുടെ മോഹം തന്നിലൂടെ ലക്ഷ്യം വെക്കാം എന്നതാണ് മനസിലിരിപ്പ്.
കേരളത്തിലെ ഇടത് വലത് മുന്നണികൾ പിന്തള്ളിയതോടെ വഴികൾ എല്ലാം അടഞ്ഞു പോയ പ്രതിസന്ധിയിലുമായിരുന്നു. ബി ജെ പിക്ക് പലതവണ ഇതാ താൻ റെഡി എന്ന സൂചന നൽകിയിരുന്നു. ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷമായി അവതരിപ്പിച്ചതാണ് അവസാന നീക്കം. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ടയിൽ ബിജെപി പിന്തുണ കൂടി ലഭിച്ചാൽ ജയിച്ചു കയറാം എന്ന കണക്കു കൂട്ടലാണ്. ക്രെെസ്തവ പിന്തുണയ്ക്കൊപ്പം മണ്ഡലത്തിലെ ബിജെപി വോട്ടുകൾ കൂടി സ്വപ്നം കണുന്നു.
ഒരു മുന്നണിയും അടുപ്പിക്കാതെ വന്നതോടെ ഏറെ നാളായി ബിജെപിയോട് ചേർന്ന് നിന്നായിരുന്നു പി സി ജോർജിന്റെ രാഷ്ട്രീയം. ജനപക്ഷം പാർട്ടിയെ എൻഡിഎ ഘടകകക്ഷിയാക്കി നിലനിർത്താൻ പലകുറി സംസ്ഥാന ബിജെപി നേതാക്കളുമായി ജോർജ് ചർച്ച നടത്തി. എന്നാൽ എപ്പോൾ വേണമെങ്കിലും മുന്നണി വിടാമെന്ന സംശയം പി സി ജോർജിനെ കുറിച്ച് പ്രചരിപ്പിക്കപ്പെട്ടു. ഇത് നഷ്ടക്കച്ചവടമാവും എന്നത് ബി ജെ പി സംസ്ഥാന ഘടകത്തിലും ആശങ്ക നിറച്ചു.
ശബരിമല കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കണമെന്ന പ്രസ്താവ കൂടി ഇറക്കിയാണ് പി സി ജോർജ് ബി ജെ പി കേന്ദ്ര നേതൃത്വത്തിൻ്റെ മനം കവരാൻ ശ്രമിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വ്യക്തിഹത്യ നടത്തിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തിയും നിറഞ്ഞാടി. എം പി സ്ഥാനം ഇല്ലെങ്കിലും കേന്ദ്രം കൈവിടില്ല എന്ന ആവസാന പ്രതീക്ഷയും ഇതിലുണ്ട്. മകൻ്റെ രാഷ്ട്രീയ ഭാവിയും പരിഗണിക്കാതെ വയ്യതാനും.
ലോകത്തെ നമ്പർ വൺ നേതാവായി മോദി മാറിയെന്നും കേരളത്തിലെ ജനം അംഗീകരിച്ചുകഴിഞ്ഞെന്നും ലയനത്തിന് പിന്നാലെ പി സി ജോർജ് പറഞ്ഞതും കേന്ദ്ര നേതൃത്വത്തിൻ്റെ പ്രീണനം ലക്ഷ്യം വെച്ചാണ്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് അഞ്ച് എംപിമാർ ബിജെപിക്ക് ഉണ്ടാവുമെന്നു വരെ പി സി ജോർജ്സ്വപ്നം കാണുന്നുണ്ട്.
പി സി ജോർജിന് ഇത് നഷ്ടക്കച്ചവടമാവും എങ്കിലും ആരും തുണയില്ലാതെ വന്നപ്പോഴുള്ള പിടിവള്ളിയാണ്. ബി ജെ പിക്ക് ക്രൈസ്തവ മേഖലകളിലേക്ക് കടന്നു കയറുക എന്ന ദീർഘകാല ലക്ഷ്യത്തിൻ്റെ പടവുമാത്രവും. അനിൽ ആൻ്റണിക്ക് പിന്നാലെ ഇതേ മേഖലയിൽ നിന്നും ഒരാളെ കൂടി കൂടെ കിട്ടുന്നു. പക്ഷെ പി സി ജോർജ് കയറി ഇരിക്കുന്ന മുന്നണി എല്ലാം ചീയുന്നതാണ് കാഴ്ച. ഇത് സംസ്ഥാന ബി ജെ പി നേതാക്കൾക്ക് എത്ര പഥ്യമാവും എന്ന നെഞ്ചിടിപ്പ് അദ്ദേഹത്തിന് മാറില്ല. ജനങ്ങൾക്കും മടുത്ത നേതാവ് എന്ന പ്രതിഛായയും കൂടിയാവുമ്പോൾ ആകെ നെഞ്ചത്തടിയാവും.