തിരുവനന്തപുരം : വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോർജ് ഇന്ന് പോലീസിന് മുമ്പാകെ ഹാജരാകും. പാലാരിവട്ടം പോലീസ് നോട്ടീസ് നൽകി. ഉച്ചയ്ക്ക് ശേഷം പി സി ജോർജ് ഹാജരാകും. അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടും. അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു. അതേസമയം മതവിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്‍റെ അപേക്ഷയിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. പോലീസ് അറസ്റ്റ് ചെയ്ത ജോർജ്ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്നാണ് പോലീസിന്‍റെ ആവശ്യം. പി സി ജോർജ്ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും കൊച്ചിയിൽ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രസംഗം കോടതി നേരിട്ട് പരിശോധിച്ചിരുന്നു.