ദില്ലി: സച്ചിൻ പൈലറ്റിന്‍റെ പദയാത്രയെ തള്ളി കോൺഗ്രസ്. പാർട്ടിയുടെ അറിവോടെ നടത്തുന്ന യാത്രയല്ലെന്ന് പി സി സി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്തസാരെ വ്യക്തമാക്കി. യാത്ര വ്യക്തിപരമാണെന്നും സച്ചിനെതിരെ നടപടിയെടുക്കണോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഗോവിന്ദ് സിംഗ് ദൊത്തസാരെ പ്രതികരിച്ചു. എന്നാല്‍, മുഖ്യമന്ത്രിയുടെ നിലപാടിലാണ് പ്രതിഷേധമെന്നും യാത്ര പാർട്ടിക്കെതിരല്ലെന്ന് സച്ചിൻ വ്യക്തമാക്കി. ബിജെപിയിലേക്കെന്ന പ്രചാരണം ദുഷ്ടലാക്കോടെയെന്നും സച്ചിൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നേതൃത്വത്തെ വെല്ലുവിളിച്ച് രാജസ്ഥാനിൽ പദയാത്ര നടത്തുന്ന സച്ചിൻ പൈലറ്റിനെതിരായ നടപടി സ്വീകരിക്കുന്നത് ചർച്ച ചെയ്യാൻ നിർണ്ണായക യോഗം ഇന്ന്. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി സുഖ്‍വിന്ദർ സിംഗ് രൺധാവയാണ് യോഗം വിളിച്ചത്. ദില്ലിയിൽ നടക്കുന്ന യോഗത്തിൽ പിസിസി അധ്യക്ഷനും സഹ ഭാരവാഹികളും പങ്കെടുക്കും. സച്ചിനെതിരെ നടപടി വേണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് മുൻപിലുള്ളത് കടുത്ത നടപടി സ്വീകരിക്കുന്നതിൽ വെല്ലുവിളിയാണ്. സച്ചിൻ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്‍റെ അഴിമതിയോടുള്ള നിലപാട് തുറന്ന് കാട്ടുക എന്ന ഉദ്ദേശത്തോടെയായിരുന്നു സച്ചിന്‍ പൈലറ്റ് യാത്ര തുടങ്ങിയത്. അജ് മീര്‍ നിന്ന് ജയ്പൂര്‍ വരെ അഞ്ച് ദിവസം നീളുന്ന പദയാത്ര ബി ജെ പി നേതാക്കളുടെ അഴിമതികള്‍ക്കെതിരെ കോൺഗ്രസ് സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ചോദ്യമാണ് ഉയർത്തുന്നത്. യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടായെങ്കിലും പിന്നോട്ടില്ലെന്ന നിലപാടായിരുന്നു സച്ചിന്‍ പൈലറ്റ് പ്രഖ്യാപിച്ചത്. വസുന്ധര രാജെ പരാമര്‍ശത്തില്‍ ഗലോട്ടിനെതിരെ നടപടി സ്വീകരിക്കാത്ത ഹൈക്കമാന്‍ഡ് നിലപാടില്‍ പ്രതിഷേധിച്ച് കൂടിയാണ് രണ്ടും കല്‍പിച്ചുള്ള നീക്കം.