മണിപ്പൂര്‍ വിഷയത്തില്‍ ക്രൈസ്തവ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്. മണിപ്പൂരില്‍ മാസങ്ങളായി നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, കൂട്ടബലാത്സംഗങ്ങള്‍, വ്യാപകമായ വര്‍ഗീയ, വംശീയ ആക്രമണങ്ങള്‍ എന്നിവയ്ക്കെതിരെ ശക്തമായ ശബ്ദം ഉയര്‍ത്താനാണ് ഭാരത് ബന്ദ് ലക്ഷ്യമിടുന്നത്.
എല്ലാ പൗരന്മാരുടെയും മതസ്വാതന്ത്ര്യത്തിന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മണിപ്പൂരിലെ ഇരകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് നേതാക്കള്‍ രാജ്യത്തെ ജനങ്ങളോട്, പ്രത്യേകിച്ച് തൊഴിലാളിവര്‍ഗത്തോട് അഭ്യര്‍ത്ഥിച്ചു. ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായ കൂട്ടക്കുറ്റവാളികളെ കേന്ദ്ര അധികാരികളും സംസ്ഥാന സര്‍ക്കാരും പിന്തുണയ്ക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് അവര്‍ ആരോപിച്ചു.
വിവിധ ക്രിസ്ത്യൻ സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ബന്ദിന് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ആർഎംപിഐ), മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യുണൈറ്റഡ് (എംസിപിഐ-യു) എന്നിവരടങ്ങുന്ന കമ്യൂണിസ്റ്റ് കോർഡിനേഷൻ കമ്മിറ്റി (സിസിസി) പൂർണ പിന്തുണ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ജലന്ധറില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ സിസിസി കണ്‍വീനര്‍മാരായ മങ്ങാട്ട് റാം പാസ്ല, അശോക് ഓങ്കാര്‍, ആര്‍എംപിഐ മേധാവി കെ ഗംഗാധരന്‍, എംസിപിഐ-യു പൊളിറ്റ്ബ്യൂറോ അംഗം കിരഞ്ജിത് സെഖോണ്‍ എന്നിവര്‍ പ്രതിഷേധ ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രി വിഷയത്തില്‍ മൗനം പാലിക്കുന്നതിനെതിരെയും നേതാക്കള്‍ വിമര്‍ശിച്ചു.