കോഴിക്കോട് : കോഴിക്കോട് മുക്കത്ത് ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരി മരിച്ചു. മണാശ്ശേരി സ്വദേശിനി കുറ്റിയെരിമ്മൽ ഖദീജ (79) ആണ് മരിച്ചത്. മുക്കം കാരിയാകുളങ്ങരയിൽ ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ബൈക്ക് ഇടിച്ച് തലക്ക് ഉൾപ്പെടെ ഗുരുതര പരിക്കേറ്റ ഖദീജയെ ആശുപത്രിയിൽ എത്തിക്കാൻ ആരും സഹായിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കറിയകുളങ്ങരയിലെ ബന്ധുവീട്ടിലേക്ക് പോവുമ്പോഴായിരുന്നു അപകടം നടന്നത്. മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം പറ്റിയ സമയത്ത് പരിക്ക് പറ്റിയ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോവാൻ നിരവധി വാഹനങ്ങൾ അതുവഴി പോയെങ്കിലും ആരും നിർത്തിയില്ലെന്നും പിന്നീട് ഒരു ഓട്ടോറിക്ഷ നിർത്തിയപ്പോൾ ഇവരെ വാഹനത്തിലേക്ക് കയറ്റാൻ പോലും ആരും സഹായിച്ചില്ലെന്നും ബൈക്ക് ഓടിച്ച യുവാവ് മാത്രമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.