ഇടുക്കി : പീരുമേട് താലൂക്കിലെ ഭൂരേഖ തര്‍ക്കം പരിഹരിക്കുവാന്‍ ജില്ലാ കളക്ടര്‍ക്കും തഹസീല്‍ദാര്‍ക്കും നിസ്സാരമായി കഴിയുമെന്നിരിക്കെ ജനങ്ങളില്‍ ഭീതിവളര്‍ത്തി പരുന്തുപാറ ഭൂപ്രശ്നം ആളിക്കത്തിച്ചതിനു പിന്നില്‍ നിഗൂഡമായ അജണ്ട. നാലുമാസക്കാലത്തെ നിരോധനാജ്ഞപോലും പ്രഖ്യാപിച്ച് വിവാദം സൃഷ്ടിച്ച മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികളും സംശയകരം. ഇതിനു ബലമേകുന്ന 2017 ലെ സര്‍ക്കാര്‍ ഉത്തരവ് ന്യൂസ് കേരള 24 ന് ലഭിച്ചു.
പീരുമേട് താലൂക്കില്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ ജില്ലകളില്‍ കാലങ്ങളായി നല്‍കിയ പട്ടയങ്ങളില്‍ സര്‍വ്വേ നമ്പരുകള്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഇത് പട്ടയഭൂമി ഉടമകള്‍ക്ക് ഏറെ ബുദ്ധിമുട്ടും പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. ജനങ്ങളുടെ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുവേണ്ടി 2017 ഒക്ടോബര്‍ 30ന് അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ 35735/എ 2/2015/റവന്യൂ പ്രകാരം ഇറക്കിയ ഉത്തരവാണ് ഇടുക്കി ജില്ലാ കളക്ടര്‍ ആയിരുന്ന വി.വിഗ്നേശ്വരിയും റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് ബോധപൂര്‍വ്വം മറച്ചുവെച്ചുകൊണ്ട് പീരുമേട് ഭൂപ്രശ്നം ആളിക്കത്തിച്ചത്. പട്ടയത്തില്‍ തെറ്റായി രേഖപ്പെടുത്തിയ സര്‍വ്വേ നമ്പര്‍ തിരുത്തി നല്‍കുന്നതിനുള്ള നിര്‍ദ്ദേശമാണ് ഈ ഉത്തരവില്‍ പറയുന്നത്. കേരളത്തിലെ മുഴുവന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും പോയ ഈ ഉത്തരവ് ഇടുക്കി ജില്ലയില്‍ പൂഴ്ത്തിവെച്ചു.
അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ ഇറക്കിയ ഉത്തരവ് ഇങ്ങനെ :-
—
ഇടുക്കി ജില്ലയിലെ ഏതാനും വില്ലേജുകളില്‍ 1964 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം അനുവദിച്ചിട്ടുള്ള പട്ടയങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വസ്തുവിന്റെ സര്‍വ്വേ നമ്പരും ടി. പട്ടയത്തിന്റെ അടിസ്ഥാനത്തില്‍ പട്ടയ കക്ഷികളോ തുടര്‍ന്നുള്ള കൈവശക്കാരോ കൈവശം വെച്ചനുഭവിക്കുന്ന ഭൂമിയുടെ യഥാര്‍ത്ഥ സര്‍വ്വേ നമ്പരും വ്യത്യസ്തമായി കാണപ്പെടുന്നത് മൂലം കൈവശക്കാര്‍ക്ക് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഉദ്യോഗസ്ഥര്‍ക്ക് റവന്യൂ ഭരണം കാര്യക്ഷമമായി നടത്താനാകാത്തതും സങ്കീര്‍ണ്ണ പ്രശ്നമായി നില നില്‍ക്കുന്നതിനാലും, വാഗമണ്‍ വില്ലേജില്‍ ഉള്‍പ്പെട്ട തെറ്റായ സര്‍വ്വേ നമ്പരില്‍ നല്‍കിയിരിക്കുന്ന പട്ടയങ്ങള്‍/ അത്തരത്തില്‍ അവകാശപ്പെടുന്ന കേസുകള്‍ സംബന്ധിച്ച് പരിഹാരം കാണുന്നതിലേക്കായി സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക ഉത്തരവുകള്‍ ലഭ്യമാക്കണമെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
നിയമപ്രകാരം പട്ടയവസ്തു കൈവശം സിദ്ധിച്ചിട്ടുള്ളവര്‍ക്ക് നിലവിലുള്ള ഈ പ്രതിസന്ധി തരണം ചെയ്യുന്നതിലേക്കായി ഇത്തരം അപേക്ഷകള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിലേക്കായി ജില്ലാ കളക്ടര്‍മാര്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ടത് അനിവാര്യമാണെന്ന് കാണുന്നു. സര്‍വ്വേ നമ്പര്‍ അടയാളപ്പെടുത്തുന്നത് വസ്തു തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്. പട്ടയത്തിലെ സര്‍വ്വേ നമ്പരില്‍ തെറ്റ് കണ്ടെത്തിയാല്‍, വസ്തു നിയമപരമായി സ്ഥാപിതമായ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ അളന്നു തിരിച്ചറിയാവുന്നതും, പട്ടയ വസ്തു പട്ടയ വിവരണങ്ങള്‍ അനുസരിച്ച് കണ്ടെത്താവുന്നതുമാണ്. എന്നാല്‍ പട്ടയത്തിലെ സര്‍വ്വേ നമ്പര്‍ തിരുത്തി നല്‍കുന്നതിന് നിയമം ഇല്ല എന്ന ന്യായമാണ് ജില്ലാ കളക്ടര്‍ വരെയുള്ള അധികാരികള്‍ ഉന്നയിച്ചുകാണുന്നത്.
കേരള ഭൂമി പതിവ് ചട്ടം 1964 ലെ- ചട്ടം 11ഉം 12ഉം പ്രകാരം, ജില്ലാ കളക്ടര്‍ വരെയുള്ള റവന്യൂ അധികാരികള്‍ ശരിയായ അന്വേഷണം നടത്തി യാതൊരു തെറ്റും കൂടാതെ വസ്തു പതിച്ചു നല്‍കേണ്ടതായ നടപടികള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ നിയമം ഇപ്രകാരം ആണെങ്കിലും മേല്‍പ്പറഞ്ഞ അധികാരികള്‍ പലപ്പോഴും അലക്ഷ്യമായി നടപടികള്‍ സ്വീകരിക്കുന്നതിനാലാണ്, പട്ടയത്തില്‍ വസ്തുവിന്റെ സര്‍വ്വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്താന്‍ ഇടയാകുന്നത്. പട്ടയത്തില്‍ സര്‍വ്വേ നമ്പര്‍ തെറ്റായി എഴുതുന്നത് തഹസീല്‍ദാരും, ആയത് അംഗീകരിക്കുന്നത് ജില്ലാ കളക്ടറുമാണ്. അവര്‍ ചെയ്യുന്ന തെറ്റിന്റെ ഫലം പട്ടാദാര്‍/പട്ടയം കൈമാറ്റം ചെയ്തു ലഭിച്ചവര്‍ അനുഭവിക്കണം എന്ന ന്യായം ഉചിതമല്ല. തെറ്റ് ചെയ്തത് ഉദ്യോഗസ്ഥര്‍ ആണെങ്കില്‍ അത് തിരുത്തി നല്‍കേണ്ട ബാധ്യത പ്രസ്തുത ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമാണ്.
മേല്‍ വിവരിച്ച സാഹചര്യത്തില്‍ കര്‍ശനമായ പരിശോധനകള്‍ നടത്തിയും കൃത്യമായി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലും നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടും തഹസീല്‍ദാര്‍ക്ക് പട്ടയത്തിലെ സര്‍വ്വേ നമ്പരില്‍ തിരുത്തല്‍ വരുത്താവുന്നതും അപ്രകാരം തഹസീല്‍ദാര്‍ വരുത്തുന്ന തിരുത്തലുകള്‍ ജില്ലാ കളക്ടര്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി അംഗീകരിക്കാവുന്നതും അതോടൊപ്പം ടി. നടപടികള്‍ കൂടുതല്‍ സുതാര്യവും അഴിമതി രഹിതവും ആയിരിക്കുവാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുമാണെന്നും എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കുന്നു.
ടി. വിഷയവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകള്‍ സൂഷ്മമായി പരിശോധിച്ച് അര്‍ഹമായ അപേക്ഷയിന്മേല്‍ ഉചിതമായ നടപടി സ്വീകരിക്കാത്ത ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി നിയമനാധികാരിക്ക് സ്വീകരിക്കാവുന്നതുമാണ്.>>പി.എച്ച്. കുര്യന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി.
യഥാര്‍ത്ഥത്തില്‍ പീരുമേട് വില്ലേജിലും മഞ്ചുമല വില്ലേജിലും ഇപ്പോള്‍ ഉയര്‍ന്നുവന്ന കയ്യേറ്റ ആരോപണം കെട്ടിച്ചമച്ചതാണ്. ഇത് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും അറിവുള്ള കാര്യമാണ്. പട്ടയം ലഭിച്ചിട്ടുള്ള വസ്തുക്കളുടെ സര്‍വ്വേ നമ്പര്‍ മാറിക്കിടക്കുന്നതുമാത്രമാണ് ഇവിടെയുള്ള പ്രശ്നം. സര്‍ക്കാര്‍ നല്‍കിയ പട്ടയരേഖയില്‍പ്പോലും സര്‍വ്വേ നമ്പര്‍ തെറ്റായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുപോലെ പലര്‍ക്കും പട്ടയ വസ്തുവിന്റെകൂടെ കൈവശഭൂമിയും ഉണ്ടായിരിക്കും. ഇത് പതിറ്റാണ്ടുകളായി ആധാരത്തില്‍ രേഖപ്പെടുത്തിക്കൊണ്ട് കൈമാറി വരുന്ന കൃഷിഭൂമികളുമാണ്. കൈവശ ഭൂമിയില്‍ നിയമപരമായ അവകാശം നല്‍കുന്ന നിയമം ഇപ്പോള്‍ നിലവിലുമുണ്ട്. കൈവശ ഭൂമിയെ കയ്യേറ്റമായി ചിത്രീകരിക്കുവാന്‍ ചില റവന്യൂ ഉദ്യോഗസ്ഥര്‍ കിണഞ്ഞു പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് പരുന്തുപാറ കയ്യേറ്റ വിവാദം ഉയര്‍ന്നുവന്നത്. റവന്യൂ ഉദ്യോഗസ്ഥര്‍ തെറ്റായി രേഖപ്പെടുത്തിയ സര്‍വ്വേ നമ്പരുകള്‍ ഉയര്‍ത്തിക്കാട്ടി പീരുമേട് ഭൂപ്രശ്നം ഉയത്തിക്കൊണ്ട് വന്നതിന്റെ പിന്നിലും ചില ഉദ്യോഗസ്ഥരുടെ ദുഷ്ടലാക്ക് തന്നെയായിരുന്നു. അതായത് അഴിമതി തന്നെയായിരുന്നു ചിലരുടെ ഉന്നം. ആ സമീപനം ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
മുന്‍ കളക്ടര്‍ വിഗ്നെശ്വരിയുടെ നടപടികളും ഇതോടെ ചോദ്യംചെയ്യപ്പെടുകയാണ്. ടൂറിസം കേന്ദ്രമായ പീരുമേട്ടിലെ ചില പ്രദേശങ്ങളില്‍ തുടര്‍ച്ചയായി നാലുമാസക്കാലം നിരോധനാജ്ഞ പ്രഖ്യാപിച്ച് ജനങ്ങളെ ഭീതികരമായ സാഹചര്യത്തില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഇവര്‍ക്ക് ഒഴിഞ്ഞുമാറുവാന്‍ കഴിയില്ല. ഇവര്‍ സ്ഥലം മാറി പോകുന്നതിനു മുമ്പ് ഇറക്കിയ ഉത്തരവ് ഡെമോക്ലീസിന്റെ വാള്‍ പോലെ ഇപ്പോഴും പട്ടയ ഭൂവുടമകളുടെ തലക്കുമീതെ നില്‍ക്കുന്നു. 2017 ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ ഐ.എ.എസ് ഇറക്കിയ ഉത്തരവ് നിലനില്‍ക്കെയാണ് വിഗ്നെശ്വരിയുടെ ചില തെറ്റായ നടപടിക്രമങ്ങള്‍. ഇത് ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്.







