ദില്ലി : പെഗാസസ് ചാര സോഫ്റ്റ്‍വെയറിനെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിനെ എതിർത്ത് കേന്ദ്രസർക്കാർ. പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ അന്വേഷിക്കാൻ ജസ്റ്റിസ് ആർ വി രവീന്ദ്രന്‍റെ മേൽനോട്ടത്തിലുള്ള സമിതിയാണ് കോടതി രൂപീകരിച്ചത്. സമിതിയുടെ ഇടക്കാല റിപ്പോർട്ടിൽ 29 മൊബൈൽ ഫോണുകൾ പരിശോധിച്ചെന്ന വിവരം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചു. മാധ്യമപ്രവർത്തകരുടെ മൊഴികൾ സമിതി രേഖപ്പെടുത്തി. സാങ്കേതിക സമിതി അന്വേഷണത്തിനായി ഒരു സോഫ്റ്റ്‍വെയര്‍ വികസിപ്പിച്ചു. റിപ്പോര്‍ട്ട് നല്‍കാന്‍ നാലാഴ്ച്ച കൂടി സമയം അനുവദിച്ചു.
സർക്കാരിന് സമിതി നോട്ടീസ് നല്‍കിയിട്ടുണ്ട്. റിപ്പോർട്ട് തയ്യാറാക്കി ഉടൻ ജസ്റ്റിസ് ആർ വി രവീന്ദ്രന് കൈമാറാൻ സാങ്കേതിക സമിതിക്ക് ചീഫ് ജസ്റ്റിസ് നിർദ്ദേശം നല്‍കി. സൈബർ സുരക്ഷാ ചട്ടങ്ങളിലെ മാറ്റം പോലുള്ള വിഷയങ്ങളിലെ ശുപാർശ ജസ്റ്റിസ് രവീന്ദ്രന്‍റെ നേതൃത്വത്തിൽ തയ്യാറാക്കും. ഇതിനായി ആകെ നാലാഴ്ച്ച സമയം കോടതി നല്‍കി. ഇടക്കാല റിപ്പോർട്ട് പരസ്യമാക്കണം എന്ന് ഹർജിക്കാർക്ക് വേണ്ടി കപിൽ സിബൽ നിർദ്ദേശിച്ചു. ഇടക്കാല റിപ്പോർട്ട് പരസ്യപ്പെടുത്താറില്ല എന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെ പ്രതികരണം. ജൂലൈയിൽ കേസ് വീണ്ടും പരിഗണിക്കും. ചാരസോഫ്റ്റുവെയര്‍ വാങ്ങിയോ എന്നറിയിക്കാൻ സംസ്ഥാന ഡിജിപിമാർക്കും സമിതി നോട്ടീസ് അയച്ചിട്ടുണ്ട്. ചാരസോഫ്റ്റുവെയര്‍ ഉപയോഗിച്ചതായുള്ള റിപ്പോർട്ട് സമിതി തള്ളുന്നില്ല എന്ന സൂചനയാണ് ഇന്നത്തെ കോടതി നടപടികൾ നല്‍കുന്നത്.