തിരുവനന്തപുരം : സർക്കാർ ഉദ്യോഗസ്ഥർ വിരമിച്ചശേഷം ശിക്ഷാനടപടിയെന്ന നിലയിൽ പെൻഷൻ തുക കുറയ്ക്കാൻ തീരുമാനിച്ചാൽ അതു നടപ്പാക്കും മുൻപ് വകുപ്പുതല അന്വേഷണം നടത്തണമെന്നു കേരള സേവന ചട്ടത്തിൽ (കെഎസ്ആർ) ഭേദഗതി. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ വകുപ്പുതല അന്വേഷണം നടത്താറുണ്ടെന്നും പെൻഷൻകാർക്കെതിരെ അന്വേഷണം ഒഴിവാക്കുന്നുവെന്നുമുള്ള പരാതി കണക്കിലെടുത്താണിത്.
സർവീസ് കാലത്തെ ഇടപാടുകളുടെ പേരിൽ പെൻഷൻകാർക്കെതിരെ നടപടി സ്വീകരിക്കുംമുൻപ് അവരെക്കാൾ ഉയർന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരിലൊരാളെ അന്വേഷണത്തിനു ചുമതലപ്പെടുത്തണം. 45 ദിവസത്തിനകം റിപ്പോർട്ട് തയാറാക്കണം. ഇതിന്റെ ഉള്ളടക്കവും സ്വീകരിക്കുന്ന നടപടിയും പെൻഷനറെ അറിയിക്കണം. 15 ദിവസത്തെ കാരണം കാണിക്കൽ നോട്ടിസും നൽകണം. തുടർന്ന് 6 മാസത്തിനകം നടപടിയെടുക്കണം. മിനിമം പെൻഷന്റെ പകുതിയെങ്കിലും ഉറപ്പാക്കണമെന്നും ചട്ടഭേദഗതിയിൽ പറയുന്നു.