തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58 വയസ്സിൽ നിന്ന് 60 വയസ്സാക്കി വർധിപ്പിക്കാൻ പ്ലാന്റേഷൻ ലേബർ കമ്മിറ്റി (പി.എൽ.സി) യോഗത്തിൽ തീരുമാനം. 2021 ഫെബ്രുവരി 18ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ പ്രായം കൂട്ടിയത്. ഇതിന് 2022 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യമുണ്ടാകും.
നിലവിൽ തൊഴിലെടുക്കുന്നവർക്കും 2022 ഏപ്രിൽ ഒന്നിനുശേഷം വിരമിക്കുകയും എന്നാൽ, ആനുകൂല്യം കൈപ്പറ്റിയിട്ടില്ലാത്തതുമായ തൊഴിലാളികൾക്ക് പ്രായ വർധന ബാധകമാണ്. തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലുടമ പ്രതിനിധികൾക്കുള്ള വ്യവസ്ഥകൾ രേഖാമൂലം ലേബർ കമീഷണർക്ക് സമർപ്പിക്കണമെന്നും പകർപ്പ് ബന്ധപ്പെട്ട തൊഴിലാളി യൂനിയൻ പ്രതിനിധികൾക്ക് നൽകണമെന്നും മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.