ന്യൂഡൽഹി : ഇപിഎഫ്ഒ നൽകുന്ന 1000 രൂപ കുറഞ്ഞ പെൻഷൻ തികച്ചും അപര്യാപ്തമാണെന്ന് തൊഴിൽമന്ത്രാലയത്തിന്റെ പാർലമെന്ററി സ്ഥിരം സമിതി ചൂണ്ടിക്കാട്ടി. തൊഴിൽവകുപ്പിന്റെ ധനാഭ്യർഥന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുറഞ്ഞ പെൻഷൻ കൂട്ടണമെന്നും ഇക്കാര്യം ധനമന്ത്രാലയത്തെ ബോധ്യപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു. ഇപിഎസ് 95 പെൻഷൻ പദ്ധതിയെക്കുറിച്ച് ഇപിഎഫ്ഒ വിശദമായി പഠിക്കണമെന്നും ലാഭനഷ്ടങ്ങളെക്കുറിച്ചുള്ള ശരിയായ കണക്കുകൾ തയാറാക്കണമെന്നും സമിതി പറഞ്ഞു. 2018 ൽ തൊഴിൽമന്ത്രാലയം രൂപവൽക്കരിച്ച ഉന്നതതല സമിതി ഇപിഎസ് 95 പദ്ധതിയിലെ അംഗങ്ങളുടെ കുറഞ്ഞ പെൻഷൻ 2000 രൂപയാക്കണമെന്നും ഇതിനായി ബജറ്റിൽ വിഹിതം നീക്കിവയ്ക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ധനമന്ത്രാലയം ഇത് അംഗീകരിച്ചില്ല. 1000 രൂപയിൽ കൂട്ടാനാവില്ലെന്നാണ് നിലപാടെടുത്തത്.
വിവിധ സമിതികൾ ഇക്കാര്യം ചർച്ച ചെയ്തെങ്കിലും പെൻഷൻ പദ്ധതിയുടെ ശരിയായ ലാഭനഷ്ടക്കണക്കുകൾ വിലയിരുത്താതെ പെൻഷൻ വർധിപ്പിക്കാനാവില്ലെന്നാണു കണ്ടെത്തിയത്. ഇതു പരിഹരിക്കാൻ ഇപിഎഫ്ഒ നടപടിയെടുക്കണം. 2015നു മുൻപു വിരമിച്ചവർക്ക് ഇ–നോമിനേഷൻ നൽകുന്നതിന് ഓൺലൈൻ ക്ലെയിം പോർട്ടലിൽ ബുദ്ധിമുട്ടുണ്ടാവുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി. ഇതു പരിഹരിക്കാനും ഇപിഎഫ്ഒ ശ്രദ്ധിക്കണം. ആത്മനിർഭർ ഭാരത് തൊഴിൽ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതു സംബന്ധിച്ച് മതിയായ ബോധവൽക്കരണം നടത്തണം. സർക്കാരിന്റെ വിവിധ പദ്ധതികളിൽ ചേരുന്നവരുടെ എണ്ണം കുറവാണെന്നും സമിതി പറഞ്ഞു.
ബാലവേല തടയുന്നതിന്റെ ഭാഗമായി ആരംഭിച്ച പരിശീലന കേന്ദ്രങ്ങളിൽ അരലക്ഷം പേരെ ചേർക്കാനുദ്ദേശിച്ചിരുന്നെങ്കിലും 2514 പേരാണു ചേർന്നത്. പ്രാഥമിക വിദ്യാഭ്യാസം കൊടുക്കാനുദ്ദേശിച്ച 40,000 പേരിൽ 5534 പേരാണു ചേർന്നത്. പ്രധാനമന്ത്രി ശ്രംയോഗി മാൻധൻ പദ്ധതിയിൽ ഒരു കോടി പേരെ ചേർക്കാനുദ്ദേശിച്ചെങ്കിലും 2021 ഡിസംബർ വരെ 1,10,791 പേർ മാത്രമേ അംഗങ്ങളായുള്ളൂ. വ്യാപാരി പെൻഷൻ പദ്ധതിയിൽ 25 ലക്ഷം പേരെ ചേർക്കുമെന്നു പറഞ്ഞിരുന്നെങ്കിലും 4249 പേർ മാത്രമാണ് ചേർന്നതെന്നും സമിതി ചൂണ്ടിക്കാട്ടി.