ഒടുവില്‍ സുപ്രധാന തീരുമാനവുമായി യുഎസ്; ഇസ്രയേലിനുള്ള ആയുധ വിതരണം നിര്‍ത്തി വാഷിംഗ്ടണ്‍: കഴിഞ്ഞ ഓക്ടോബര്‍ ഏഴിന് ഇസ്രയേലിലേക്ക് ഇരച്ചെത്തിയ ഹമാസ് സംഘം നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത് രക്തരൂക്ഷിതമായ ഗാസാ ആക്രമണമായിരുന്നു. ആക്രമണത്തിന്‍റെ ആദ്യ ദിനം മുതല്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച ആദ്യ രാജ്യമായ യുഎസ് ഒടുവില്‍ ഇസ്രയേലിനുള്ള ആയുധ വിതരണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു. റഫാ നഗരം അക്രമിക്കരുതെന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ആവശ്യത്തോട് പുറം തിരിഞ്ഞ് നിന്ന് ഇസ്രയേലില്‍ യുദ്ധത്തിനിടെ ആദ്യമായി നേരിട്ട തിരിച്ചടിയായി യുഎസ് തീരുമാനം. കഴിഞ്ഞ ദിവസം റഫായിലേക്ക് കരയുദ്ധം വ്യാപിപ്പിക്കുന്നതിനായി ഇസ്രയേലി സൈന്യം കടന്നുകയറിയതിന് പിന്നാലെയാണ് യുഎസിന്‍റെ സുപ്രധാന തീരുമാനം.
നിലവില്‍ ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യമാണ് യുഎസ്. ഇസ്രയേലിനുള്ള ആയുധ വിതരണം താത്കാലികമായി നിര്‍ത്തുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചത് പെന്‍റഗണ്‍ തലവന്‍ ലോയ്ഡ് ഓസ്റ്റിനാണെന്ന് അള്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 900 കിലോഗ്രാം ഭാരമുള്ള 1,800 ബോംബുകളും 226 കിലോഗ്രാം ഭാരമുള്ള 1,700 ബോംബുകളുടെയും കയറ്റുമതിയാണ് നിര്‍ത്തി വച്ചിരിക്കുന്നത്. കഴിഞ്ഞ എട്ട് മാസമായി കര – ആകാശ യുദ്ധത്തില്‍ ഗാസയെ തരിപ്പണമാക്കിക്കഴിഞ്ഞിരുന്നു ഇസ്രയേല്‍.