മസ്‍കത്ത്: ഒമാനില്‍ അപ്രതീക്ഷിതമായി മണിക്കൂറുകളോളം വൈദ്യുതി നിലച്ചപ്പോള്‍ ജനം വലഞ്ഞു. ട്രാഫിക് സിഗ്നലുകളും മൊബൈല്‍ നെറ്റ്‍വര്‍ക്കുമെല്ലാം പണി മുടക്കി. ഷോപ്പിങ് മാളുകളുടെയും പെട്രോള്‍ പമ്പുകളുടെയും പ്രവര്‍ത്തനം നിലച്ചു. ഓഫീസുകളുടെയും ബാങ്കുകളുടെയും സ്റ്റോക്ക് മാര്‍ക്കറ്റിന്റെയും പ്രവര്‍ത്തനങ്ങളെ വരെ ബാധിച്ചു. രാജ്യത്ത് ഉഷ്ണകാലം കൂടിയായതിനാല്‍ ജനങ്ങളുടെ പ്രയാസം ഇരട്ടിച്ചു. അതേസമയം അവശ്യസര്‍വീസുകളായ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവ ജനറേറ്റുകളുടെ സഹായത്തോടെ സുഗമമായി പ്രവര്‍ത്തിച്ചു. രാത്രിയോടെയാണ് പല പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചത്.
മസ്‍കത്ത് ഗവര്‍ണറേറ്റിന് പുറമെ സൗത്ത് അല്‍ ബാത്തിന, നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, അല്‍ ദാഖിലിയ ഗവര്‍ണറേറ്റുകളിലെ ചില ഭാഗങ്ങളെയും വൈദ്യുതി മുടക്കം ബാധിച്ചു. ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തിക്കാതെ വന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. ഗതാഗതം നിയന്ത്രിക്കാനും വാഹനങ്ങള്‍ക്ക് വഴിയൊരുക്കാനും പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തുണ്ടായിരുന്നു.
ഉച്ചയ്‍ക്ക് ശേഷം 1.14ഓടെ പൊടുന്നനെ വൈദ്യുതി മുടങ്ങിയത് ഷോപ്പിങ് മാളുകളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. മാളുകള്‍ ഇരുട്ടിലായത് മൂലം ഷോപ്പിങിനെത്തിയവര്‍ പ്രതിസന്ധിയിലായി. ലിഫ്റ്റുകളില്‍ കുടുങ്ങിയവരെ സുരക്ഷാ ജീവനക്കാര്‍ പുറത്തിറക്കി. ചൂട് സഹിക്കാനാവാതെ മാളുകളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങി. പലരും വാഹനങ്ങളിലെ എ.സിയെയാണ് ചൂടില്‍ നിന്നുള്ള അഭയത്തിനായി ആശ്രയിച്ചത്.
അതേസമയം രാജ്യത്തെ ഒരു ഗവര്‍ണറേറ്റിലെയും ആശുപത്രികളെയും ആരോഗ്യ സ്ഥപനങ്ങളെയും വൈദ്യുതി പ്രതിസന്ധി ബാധിച്ചില്ലെന്നും ബാക്കപ്പ് ജനറേറ്ററുകളുടെ സഹായത്തോടെ പൂര്‍ണതോതില്‍ തന്നെ ഇവ പ്രവര്‍ത്തിച്ചുവെന്നും ആരോഗ്യ മന്ത്രാലയത്തിലെ എമര്‍ജന്‍സി കേസസ് മാനേജ്‍മെന്റ് സെന്റര്‍ അറിയിച്ചു. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനവും പെട്ടെന്ന് നിലച്ചതോടെ പല ഇന്ധന വിതരണ കേന്ദ്രങ്ങളുടെയും മുന്നില്‍ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞും വൈദ്യുതി തിരിച്ചെത്താതായതോടെ പമ്പുകള്‍ അടച്ചിടുകയും ചെയ്‍തു.
വൈദ്യുതി പ്രതിസന്ധി ബാധിച്ച പ്രദേശങ്ങളില്‍ സ്‍കൂളുകള്‍ക്ക് ചൊവ്വാഴ്ച ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് ഇത് ബാധകമാണ്. വൈദ്യുതി പ്രതിസന്ധി ബാധിച്ച സ്‍കൂളുകളെ, അവയുടെ അഡ്‍മിനിസ്‍ട്രേറ്റീവ് വിഭാഗവുമായി ചേര്‍ന്ന് കണ്ടെത്താനും ഓരോ ഗവര്‍ണറേറ്റിലെയും സ്‍കൂളുകളുടെ അവസ്ഥ പ്രത്യേകമായി വിലയിരുത്തി ബുധനാഴ്ച ക്ലാസുകള്‍ പുനഃരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അധിക ഉപയോഗം കാരണം പ്രധാന പവര്‍ഗ്രിഡിലുണ്ടായ തകരാറാണ് ഒമാനിവെ വൈദ്യുതി മുടങ്ങിയതിലേക്ക് നയിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അറിയിച്ചു. ഇലക്ട്രിസിറ്റി മെയിന്‍ ഇന്റര്‍കണക്ടഡ് സിസ്റ്റത്തിലുണ്ടായ തകറാണ് രാജ്യത്ത് വൈദ്യുതി മുടങ്ങാന്‍ കാരണമായതെന്ന് ഒമാനിലെ അതോറ്റിറി ഫോര്‍ പബ്ലിക് സര്‍വീസസ് പുറത്തിറക്കിയ പ്രസ്‍താവനയിലും അറിയിച്ചു.