പത്തനംതിട്ട: സർവ്വകലാശാല യുവജനോത്സവത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിനെതിരെ എം ജി സർവകലാശാല നടപടി. 25,000 രൂപ കോളേജിന് പിഴയിട്ട് സിൻഡിക്കേറ്റ് ഉത്തരവ് ഇറക്കി. 2020 ൽ തൊടുപുഴയിൽ നടന്ന കലോത്സവത്തിലാണ് കോളേജിന് പുറത്തുള്ള ആളുകളെ മത്സരിപ്പിച്ചത്. ഈ സംഭവമാണ് വിവാദമായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെന്ന് കണ്ടെത്തുകയായിരുന്നു. പിഴ ഈടാക്കിയതിനൊപ്പം ഇനി ഇത്തരം നടപടി ആവർത്തിച്ചാൽ കോളേജിനെ കലോത്സവങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്ന മുന്നറിയിപ്പും സിൻഡിക്കേറ്റ് നൽകിയിട്ടുണ്ട്.