ഇന്ന് മിക്കവര്‍ക്കും ‘സ്മാര്‍ട് ഫോൺ അഡിക്ഷൻ’ ഉള്ളതാണ്. അതായത് ഫോണില്ലാതെ അല്‍പനേരം പോലും ചെലവിടാൻ സാധിക്കാത്ത അവസ്ഥ. ഇക്കാരണം കൊണ്ടാണ് പലരും ടോയ്‍ലറ്റില്‍ പോകുമ്പോള്‍ പോലും ഫോണും കൂടെ കൊണ്ടുപോകുന്നത്. എന്നാലീ ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധരെല്ലാം തന്നെ സൂചിപ്പിക്കുന്നത്. പല കാരണം കൊണ്ടാണ് ഈ ശീലം നല്ലതല്ലെന്ന് പറയുന്നത്. ഒന്നാമതായി ടോയ്‍ലറ്റില്‍ ഫോണും പിടിച്ചിരിക്കുമ്പോള്‍ ആവശ്യമുള്ളതിനെക്കാള്‍ സമയം അവിടെ ചിലവിടും. എന്നാലിത് തിരിച്ചറിയണമെന്നുമില്ല. ഇങ്ങനെ ദീര്‍ഘനേരം ടോയ്‍ലറ്റിലിരിക്കുന്നത് ശീലമായാല്‍ അത് ഭാവിയില്‍ പൈല്‍സ്, അല്ലെങ്കില്‍ ഹെമറോയ്ഡ്സ് വരുന്നതിലേക്ക് നയിക്കും.
പൈല്‍സ് ബാധിക്കുന്നതിന്‍റെ പ്രയാസങ്ങളെ കുറിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ. അത് മിക്കവാറും പേര്‍ക്കറിയാം. തുടക്കത്തില്‍ അത്ര വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ലെങ്കിലും പിന്നീട് വേദന, ഇരിക്കാൻ പ്രയാസം, രക്തസ്രവാം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ തൊട്ട് ഗുരുതരമായ മാനസികാസ്വസ്ഥത വരെ നേരിടാം. ഒടുവില്‍ സര്‍ജറി ഏക പോംവഴിയായി അവശേഷിക്കുന്ന അവസ്ഥ വരെയുമെത്താം. പൈല്‍സ് രോഗത്തിനുള്ള സാധ്യതയ്ക്ക് പുറമെ ടോയ്‍ലറ്റിനകത്ത് കാണപ്പെടുന്ന പലയിനം ബാക്ടീരിയകള്‍ തീര്‍ക്കുന്ന പല അണുബാധകള്‍ക്കും രോഗങ്ങള്‍ക്കുമെല്ലാം ഈ ശീലം വഴിവയ്ക്കുന്നു. കാരണം ഫോണ്‍ ടോയ്‍ലറ്റിനുള്ളില്‍ കൊണ്ടുപോയി വച്ച് ഏറെ നേരം കഴിഞ്ഞ് തിരികെ വരുമ്പോഴേക്ക് ഫോണിലും രോഗാണുക്കള്‍ കയറിപ്പറ്റിയിരിക്കും.
കൈകളും മറ്റ് ശരീരഭാഗങ്ങളും വൃത്തിയാക്കിക്കഴിഞ്ഞാലും പിന്നെയും രോഗാണുക്കള്‍ പറ്റിപ്പിടിച്ച ഫോണ്‍ തന്നെയല്ലേ നാം ഉപയോഗിക്കുക. ഇത് രോഗങ്ങളിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. ടോയ്‍ലറ്റില്‍ കഴിവതും ഫോണ്‍ കൊണ്ടുപോകാതിരിക്കുകയാണ് ചെയ്യേണ്ട കാര്യം. ഇനി അഥവാ കൊണ്ടുപോയാലും ടോയ്‍ലറ്റില്‍ ചിലവിടുന്ന സമയം പിരിമിതപ്പെടുത്തുക. മലബന്ധം ഒരു പ്രശ്നമാണെങ്കില്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഫൈബര്‍ ഉള്‍പ്പെടുത്തി- ഭക്ഷണത്തെ ക്രമീകരിക്കുക. യൂറോപ്യൻ ടോയ്‍ലറ്റുപയോഗിക്കുന്നവര്‍ക്ക് മല വിസര്‍ജ്ജനം എളുപ്പത്തിലാക്കാൻ സ്റ്റെപ്പിംഗ് സ്റ്റൂളുകളുപയോഗിക്കാവുന്നതാണ്. കാലുകള്‍ അല്‍പം ഉയരത്തില്‍ വരുമ്പോള്‍ വയര്‍ പെട്ടെന്ന് ഒഴിഞ്ഞുപോകാം. ഇതും അധികനേരം ടോയ്‍ലറ്റില്‍ ചെലവിടുന്നതിനെ തടയും. ഇനി, ഫോണ്‍ ടോയ്‍ലറ്റിനകത്തേക്ക് കൊണ്ടുപോകുന്ന ശീലമുണ്ടെങ്കില്‍ ഫോണ്‍ ഇതിന് ശേഷം സാനിറ്റൈസ് ചെയ്ത് ഉപയോഗിക്കാനും ശ്രമിക്കുക. ഇത് രോഗാണുക്കളുടെ ആക്രമണത്തെ ചെറുക്കും.