തിരുവനന്തപുരം. കാസറഗോഡ് ചുരിയില്‍ മസ്ജിദിനുളളില്‍ അതിക്രമിച്ചു കയറി ഇമാം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന പ്രതികളെ വെറുതെ വിട്ട കോടതി വിധി ദൗര്‍ഭാഗ്യകരവും നിരാശാജനകവുമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി.റിയാസ് മൗലവിയെ കൊലപ്പെടുത്തിയവരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ തിരുവനന്തപുരം താലൂക്ക് കമ്മറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിയാസ് മൗലവി വധക്കേസില്‍ പ്രതികള്‍ക്കെതിരെ മതിയായ തെളിവ് സമര്‍പ്പിക്കുന്നതില്‍ പ്രോസിക്ക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതിയും, സമര്‍പ്പിച്ച തെളിവുകള്‍ പരിഗണിക്കപ്പെട്ടില്ലന്ന് പ്രോസിക്ക്യൂട്ടറും പറയുന്ന വിചിത്രമായ അവസ്ഥയാണുളളത്. ഫലത്തില്‍ ക്രൂരകൃത്യം നടത്തിയ പ്രതികള്‍ രക്ഷപ്പെട്ടിരിക്കുന്നു. മുസ്ലിം പളളികള്‍ ആക്രമിക്കുകയും ജീവനക്കാരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങള്‍ ഇടയ്ക്കിടെ സംഘ്പരിവാര്‍ പരീക്ഷിക്കുന്നത് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം.
റിയാസ് മൗലവിയുടെ ഘാതകര്‍ രക്ഷപ്പെട്ടാല്‍ ജനാധിപത്യ സമൂഹം സര്‍ക്കാരിനെ ശിക്ഷിക്കുമെന്നും അബ്ദുസ്സലീം മൗലവി ചൂണ്ടിക്കാട്ടി. ജംഇയ്യത്തുല്‍ ഉലമാ താലൂക്ക് പ്രസിഡന്‍റ് കല്ലാര്‍ സെയ്നുദ്ദീന്‍ ബാഖവി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് നിസാര്‍ അല്‍ഖാസിമി, മൗലവി അര്‍ഷദ് മന്നാനി, ശിഹാബുദ്ദീന്‍ മൗലവി, നാസിമുദ്ദീന്‍ ബാഖവി, ഷറഫുദ്ദീന്‍ മൗലവി, നൗഷാദ് ബാഖവി, മുഹമ്മദ് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് സഹില്‍ തങ്ങള്‍ പ്രാർഥനക്ക് നേതൃത്വം നല്‍കി.