മലപ്പുറം: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎ സുപ്രീംകോടതിയിലേക്ക്. എതിർ സ്ഥാനാർത്ഥി കെപിഎം മുസ്തഫയുടെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്. തെരെഞ്ഞെടുപ്പ് കേസ് നിലനിൽക്കില്ലെന്ന നജീബ് കാന്തപുരം എംഎൽഎയുടെ വാദം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് എംഎൽഎ ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പോസ്റ്റൽ ബാലറ്റുകൾ സൂഷിച്ചിരുന്ന പെട്ടി തന്നെ മാറിയാണ് കോടതിയിൽ എത്തിയതെന്ന് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തകർന്ന നിലയിൽ കണ്ടെത്തിയ പെട്ടി അല്ല കോടതിയിൽ എത്തിയത്. ഒരു ചെറിയ കവറ് കൂടി അധികമായി കോടതിയിൽ എത്തി. സഹകരണ രജിസ്റ്റാർ ഓഫീസിൽ ആണ് എല്ലാ ആട്ടിമറികളും നടന്നത്. കോടതിയിൽ പരിപൂർണ്ണ വിശ്വാസം ഉണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും നജീബ് കാന്തപുരം പറഞ്ഞിരുന്നു.
പെരിന്തൽമണ്ണയിലെ തപാൽ വോട്ടുകൾ സൂക്ഷിച്ച വോട്ട് പെട്ടി കാണാതായ സംഭവം അതീവ ഗുരുതരമാണെന്നാിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് കക്ഷി ചേരാനുള്ള അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചിക്കുകയും ചെയ്തിരുന്നു. നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി കെപിഎം മുസ്തഫ നൽകിയ ഹർജിയിലാണ് തപാൽ വോട്ട് പെട്ടി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം പെരിന്തൽ മണ്ണയിൽ വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. 348 തപാൽ വോട്ട് എണ്ണാതിരുന്ന നടപടിയാണ് തന്‍റെ തോൽവിയ്ക്ക് കാരണമെന്നാണ് ഹർജിക്കാരൻ ആരോപിക്കുന്നത്.