ദുബായ് : താല്‍ക്കാലിക വീസകള്‍ സ്ഥിരം വീസയാക്കാനായി നേരത്തേതു പോലെ രാജ്യം വിട്ടതിനു ശേഷം അപേക്ഷിക്കേണ്ടെന്നും 550 ദിര്‍ഹം ഫീസ് (ഏകദേശം 11,189 രൂപ) അടച്ചാല്‍ മതിയെന്നും യുഎഇ അധികൃതര്‍ അറിയിച്ചു. സന്ദര്‍ശക, ടൂറിസ്റ്റ് വീസയില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ വീസയിലേക്ക് ഇങ്ങനെ മാറാനാകും. നേരത്തേ, രാജ്യം വിട്ടതിനു ശേഷം പുതിയ വീസയില്‍ വരണമായിരുന്നു. ഫീസ് സംബന്ധിച്ച ചില അവ്യക്തതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. നിലവിലുള്ള വീസ കാലാവധി തീരും മുന്‍പ് വീസ മാറ്റത്തിന് അപേക്ഷ നല്‍കണം. കാലാവധി തീര്‍ന്നാല്‍ വൈകിയ ദിവസങ്ങള്‍ക്ക് പിഴ നല്‍കേണ്ടിവരും. തൊഴില്‍ വീസയിലുള്ളവര്‍ പുതിയ വീസയിലേക്ക് മാറുമ്പോള്‍ 30 ദിവസമാണ് സമയപരിധി. ഇതിനകം പുതിയ സ്‌പോണ്‍സറുടെ കീഴിലാകുകയോ രാജ്യം വിടുകയോ വേണമെന്നാണു നിയമം.
30 ദിവസം കഴിഞ്ഞിട്ടും സ്‌പോണ്‍സര്‍ മാറ്റം (നഖ്ല്‍ കഫാല) സാധ്യമായില്ലെങ്കില്‍ പിഴയടയ്ക്കുകയോ രാജ്യം വിടുകയോ വേണം. വീസ അപേക്ഷകളിലെ അടിയന്തര സേവനങ്ങള്‍ക്ക് 100 ദിര്‍ഹം അധികമായി ഈടാക്കും. വിവരങ്ങള്‍ക്ക് സൈറ്റ്: https://icp.gov.ae/en/