കൊല്ലം: അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കാൻ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. തെരുവുനായ ശല്യം രൂക്ഷമാകുകയും വഴിയാത്രക്കാർക്ക് നായ്ക്കളുടെ കടിയേൽക്കുന്നത് പതിവാകുകയും ചെയ്തത് ചൂണ്ടിക്കാണിച്ചാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നടപടി. പേ പിടിച്ചതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനായി സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാൻ സർക്കാരിന്റെ അനുമതി ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വ്യക്തമാക്കായിരുന്നു.
വന്ധ്യംകരിച്ച തെരുവുനായ്ക്കളെ സംരക്ഷിക്കാൻ പ്രത്യേക കേന്ദ്രം തയ്യാറാക്കും കൊല്ലം ജില്ലാ പഞ്ചായത്ത് വ്യക്തമാക്കിയിട്ടുണ്ട്. കുരുയോട്ടുമലയിലെ ഒന്നര ഏക്കർ ഭൂമിയിലാണ് സംരക്ഷണ കേന്ദ്രം ഒരുക്കുക. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള ആദ്യ കേന്ദ്രം നാളെ കൊട്ടിയത്ത് പ്രവർത്തനം തുടങ്ങുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.