തിരുവനന്തപുരം: അരിഷ്ടക്കടയുടെ മറവില്‍ വിദേശ മദ്യ വിൽപന നടത്തിയ ഒരാള്‍ അറസ്റ്റില്‍. പാലോട് പ്ലാവറ ശ്രീ നിലയത്തില്‍ അനില്‍ സദാനന്ദനാണ് അറസ്റ്റിലായത്. പാലോട് രമണി ആയുര്‍വേദ വൈദ്യശാലയില്‍ നിന്നാണ് 250 മില്ലി ലിറ്റര്‍ കുപ്പികളില്‍ വിൽപനക്കായി വെച്ച വിദേശ മദ്യങ്ങളും ലൈസന്‍സോ രേഖകളോ ഇല്ലാതെ സൂക്ഷിച്ചിരുന്ന 40.950 ലിറ്റര്‍ അരിഷ്ടാസവങ്ങളും പിടികൂടിയത്.
ബിവറേജ് ഔട്ട്ലെറ്റുകളില് നിന്ന് മദ്യം വാങ്ങി കൂടിയ വിലയ്ക്ക് ചെറു കുപ്പികളിലാക്കി വിൽക്കുകയാണ് ഇയാള്‍ ചെയ്തു വരുന്നതെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. മോഹന്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ എക്സൈസ് ഓഫിസര്‍മാരായ അനീഷ്, ആദര്‍ശ്, ഷിജിന്, ഹിമാലത എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.