പെരുമ്പാവൂര്‍ : കോടികളുടെ അഴിമതി നടന്ന പെരുമ്പാവൂര്‍ അര്‍ബന്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റിനെയും സെക്രട്ടറിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവര്‍ ഉള്‍പ്പെടെ 16 പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോ ടതി ഡിവിഷന് ബെഞ്ച് തള്ളിയതിനെത്തുടര്‍ന്നാണ് നടപടി. മുന്‍ പ്രസിഡന്റ് പെരുമ്പാവൂര്‍ കാരാട്ടുപള്ളിക്കര എടത്തോട്ടില് വീട്ടില്‍ ഇ.എസ്. രാജന് (55), സെക്രട്ടറി പെരുമ്പാവൂര്‍ സുദര്‍ശന അവിട്ടം വീട്ടില്‍ കെ. രവികുമാര്‍ (65) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. വ്യാജ രേഖകള്‍ നിര്‍മിച്ച് ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് സൊസൈറ്റിക്ക് 33,33,87,691 രൂപയുടെ നഷ്ടം വരുത്തിയെന്ന കുറ്റത്തിനാണ് ഇവരുൾപ്പെടെ 16 പേര്‍ക്കെതിരെ എറണാകുളം ജോയന്റ് രജിസ്ട്രാര്‍ ജനറല്‍ നല്കിയ പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് കേസെടുത്തത്.
പിന്നീട് നിക്ഷേപകരില്‍ ചിലരും നിക്ഷേപക സംരക്ഷണ സമിതിയും പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വെട്ടിപ്പ് കണ്ടെത്തിയതോടെ 18 പേര്‍ക്കെതിരെ കുറ്റം ചുമത്തുകയും അറസ്റ്റ് നടപടികളിലേക്ക് കടക്കുകയും ചെയ്തതോടെയാണ് ചിലര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. മുന്‍ പ്രസിഡന്റുമാരായ കെ.എം.എ. സലാം, എന്‍.എ. റഹീം, ബാബുജോണ്‍ എന്നിവരും മുന്‍ സെക്രട്ടറി പി.എച്ച്. ബീവിജയും കേസില്‍ പ്രതികളാണ്. ശാരീരിക പ്രശ്നങ്ങളുള്ളതിനാല്‍ സലാമിന്റെയും ബാബു ജോണിന്റെയും അറസ്റ്റ് കോടതി തടഞ്ഞിരിക്കുകയാണ്. മറ്റ് പ്രതികൾ ഒളിവിലാണ്. പ്രതിചേർക്കപ്പെട്ട മുന്‍ അംഗങ്ങളായ എസ്. ഷറഫിനെയും വി.പി. റസാക്കിനെയും ക്രൈംബ്രാഞ്ച് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞ് ഇവർ അടുത്തിടെ പുറത്തിങ്ങി.