ചേലക്കര : വളർത്തുനായയെ ഉടമ ജീവനോടെ കത്തിച്ചെന്ന ആരോപണത്തിൽ ഉടമയുടെപേരിൽ പോലീസ് കേസെടുത്തു. ചേലക്കര ചാക്കപ്പൻപടി കോൽപ്പുറം പ്രദേശത്ത് പുരുഷോത്തമന്റെ (47) പേരിലാണ് കേസെടുത്തിട്ടുള്ളത്. പുരുഷോത്തമന്റെ വീട്ടിലെ വളർത്തുനായ ചങ്ങല പൊട്ടിച്ച് വീടിനു പുറത്തേക്ക് വരുന്നതിനെതിരേ അയൽവാസികൾ പരാതിപ്പെട്ടിരുന്നു. ഇതിനിടെ നായ പുരുഷോത്തമനെ കടിച്ചതായും ഇതിനെത്തുടർന്ന് നായയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്നുമാണ് പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തിയപ്പോൾ വീടിനോടു ചേർന്ന് നായയെ കുഴിച്ചിട്ട നിലയിലായിരുന്നു. പുരുഷോത്തമൻ നായയെ ജീവനോടെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയും ദേഹത്ത് തീപടർന്ന് നായ ജീവരക്ഷയ്ക്കായി ഓടുന്നത് കണ്ടുവെന്നുമാണ് അയൽവാസികൾ പറയുന്നത്. നായയെ ക്രൂരമായി മർദിച്ചതായും ഇവർ പറയുന്നു.
ജനുവരി ഒന്നിനാണ് പുരുഷോത്തമൻ ഇവിടെ വീടുവാങ്ങി താമസമാക്കിയത്. കത്തിക്കരിഞ്ഞ നായയുടെ ജഡം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. പരിശോധനയിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും സംഭവത്തിൽ പ്രാഥമികമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടമയുടെപേരിൽ കേസെടുത്തതായും ചേലക്കര പോലീസ് ഐ.എസ്.എച്ച്.ഒ. ബാലകൃഷ്ണൻ പറഞ്ഞു. പുരുഷോത്തമൻ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായതിനാൽ അറസ്റ്റ് രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല.