കൊച്ചി: കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിനെതിരായ ഹരജി തള്ളി. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചില്ല. ജസ്റ്റിസ് അമിത് റാവലിേന്‍റതാണ് നിർണായക ഉത്തരവ്. സംസ്ഥാന സർക്കാറിന് ആശ്വാസം നൽകുന്നതാണ് കോടതി തീരുമാനം. ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനം സർവകലാശാല ആക്ടിന് വിരുദ്ധമായതിനാൽ പദവിയിൽ തുടരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് ഹരജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഉപഹരജിയും ഇവർ നൽകിയിരുന്നു.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണറുടെ കൈവശമുള്ള രേഖകൾ കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപഹരജി. ഡോ. ഗോപിനാഥിെൻറ നിയമനം ചോദ്യം ചെയ്ത് നേരേത്ത നൽകിയ ഹരജി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഈ ഹരജിയിൽ വിധി പറയും മുമ്പ് നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ പക്കലുള്ള രേഖകൾ പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടായിരുന്നു ഹരജി. ഈ ഹരജി പരിഗണിക്കുന്നവേളയിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ അഭിപ്രായം പറയാനാവില്ലെന്ന് ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങൾക്ക് സമാന്തര വിചാരണ സാധ്യമല്ല. മാധ്യമങ്ങൾ വസ്തുതകളുടെ വിശദാംശങ്ങളാണ് നൽകുന്നത്. സ്വന്തം അഭിപ്രായപ്രകടനങ്ങൾ ചേർത്ത് വ്യാഖ്യാനം നടത്തുന്നതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.