ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് സുപിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിന് സുരക്ഷയൊരുക്കാന്‍ കഴിയാത്ത വിഷയം ഗൗരവമുള്ളതാണെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എം.വി രമണ നിരീക്ഷിച്ചു. ഹര്‍ജിയുടെ പകര്‍പ്പ് പഞ്ചാബ് സര്‍ക്കാരിന് കൂടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. നാളെയാണ് ഹര്‍ജി പരിഗണിക്കുക. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് പഞ്ചാബിലുണ്ടായത്. ഇനിയിത്തരം വീഴ്ചകളുണ്ടാവാതിരിക്കാന്‍ കോടതി ഇടപെടണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പഞ്ചാബ് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു.
വിഷയം പരിശോധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഹരിയാന-പഞ്ചാബ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് മെഹ്താബ് സിംഗ് ഗില്‍, ജസ്റ്റിസ് അനുരാഗ് വര്‍മ, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് സമിതിയിലുള്ളവര്‍. അതേസമയം സമിതിയെ തള്ളിക്കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. സമിതി നിഷ്പക്ഷമല്ലെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്. പഞ്ചാബിലെ ഫിറോസ്പൂര്‍ സന്ദര്‍ശന വേളയിലാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹനത്തിന് വലിയ സുരക്ഷാ വീഴ്ചയുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയായിരുന്നു ഫിറോസ്പൂരില്‍ റാലി. 12.45ഓടെ പ്രധാനമന്ത്രി ബട്ടിണ്ട വിമാനത്താവളത്തിലെത്തി. ദേശീയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിക്കലായിരുന്നു നിശ്ചയിച്ചിരുന്ന ആദ്യ പദ്ധതി. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഏറെ നേരം കാത്തിരുന്ന ശേഷം യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു.
രക്തസാക്ഷി മണ്ഡപത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ച് പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിന് മുന്നിലെ വാഹനം തടഞ്ഞു. തുടര്‍ന്ന് പ്രധാമന്ത്രി 20 മിനിറ്റോളം ഓവര്‍ബ്രിഡ്ജില്‍ കുടുങ്ങി. സുരക്ഷാ വീഴ്ചയുണ്ടായതോടെ പരിപാടികള്‍ നിര്‍ത്തലാക്കി ബട്ടിണ്ട വിമാനത്താവളത്തിലേക്ക് തിരിച്ച പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസമുയര്‍ത്തിയാണ് മടങ്ങിയത്. സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ബിജെപി ദേശീയ അധ്യക്ഷനും രംഗത്തെത്തി. വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ പോലും മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വിസ്സമ്മതിച്ചതായും ജെ പി നദ്ദ ആരോപിച്ചു.