ദില്ലി : രാജ്യവ്യാപകമായി അഗ്നിപഥ് സ്കീമിനെതിരെയുണ്ടാകുന്ന പ്രതിഷേധങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. പ്രതിഷേധങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ചതടക്കം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. റിട്ട. സുപ്രീം കോടതി ജഡ്ജി പദ്ധതിയെ കുറിച്ചും, പദ്ധതി ദേശസുരക്ഷയെയും പ്രതിരോധ സേനയെയും എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ചും പരിശോധിക്കണമെന്നും ഹർജിയിൽ അവശ്യമുണ്ട്. ഹരിയാന, പഞ്ചാബ് , യുപി ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാര്‍ ട്രെയിനുകൾക്ക് വ്യാപകമായി തീയിട്ട് നശിപ്പിച്ചു. പലയിടത്തും ട്രയിനുകൾ സര്‍വ്വീസ് നടത്തുന്നില്ല.
അതേ സമയം, അഗ്നിപഥിനെതിരെ ഉത്തരേന്ത്യയിൽ ആരംഭിച്ച പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും വ്യാപിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ തമിഴ്നാട്ടിലെ ചെന്നൈയിൽ യുവാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. രാവിലെ മറീന ബീച്ചിന് സമീപമുള്ള യുദ്ധസമാരകത്തിന് മുമ്പിലായിരുന്നു നൂറിലധികം യുവാക്കൾ പ്രതിഷേധവുമായി എത്തിയത്. സൈനികജോലികൾക്കായി പരിശീലനം നടത്തുന്നവരാണ് പ്രതിഷേധിച്ചത്. കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്കായി കാത്തിരിക്കുന്നവരായിരുന്നു പ്രതിഷേധക്കാരിൽ ഏറെയും. ബാനറുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു. പൊലീസുമായി നടന്നചർച്ചയെ തുടർന്ന് പ്രതിഷേധക്കാർ പിന്നീട് പിരിഞ്ഞുപോയി. കാഞ്ചീപുരം, കോയമ്പത്തൂർ, തിരുവണ്ണാമലൈഎന്നിവിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. മറ്റ് സംസ്ഥാനങ്ങളിലെ സംഘർഷവും അക്രമസംഭവങ്ങളുംകണക്കിലെടുത്ത് ചെന്നൈയിൽ നിന്ന് ഉത്തരേന്ത്യക്കുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും യുവാക്കൾ പ്രതിഷേധിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് നടക്കുന്നത് കൂറ്റൻ റാലിയാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ, ആയിരത്തോളം ഉദ്യോഗാർത്ഥികളാണ് റാലി നടത്തുന്നത്. ‘അഗ്നിപഥ്’ സ്കീം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും, ആർമി കംബൈൻഡ് എൻട്രൻസ് എക്സാമിനേഷൻ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. രാവിലെ 9.30-യോടെയാണ് തമ്പാനൂരിൽ അഞ്ഞൂറിലധികം ഉദ്യോഗാർത്ഥികൾ തടിച്ചുകൂടിയത്. പോകെപ്പോകെ പ്രതിഷേധമാർച്ചിലേക്ക് നിരവധിപ്പേരെത്തി. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് സാഹചര്യം മൂലം ആർമി റിക്രൂട്ട്മെന്‍റുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. സൈനിക റിക്രൂട്ട്മെന്‍റ് റാലികൾ പലതും നടന്നിരുന്നെങ്കിലും, അതിൽ നിന്ന് നിയമനം നടന്നിരുന്നില്ല. ഈ റാലികളിലും മറ്റും പങ്കെടുത്തും അല്ലാതെയും ഫിസിക്കലും മെഡിക്കലുമായ എല്ലാ പരീക്ഷകളും പാസ്സായ ഉദ്യോഗാർത്ഥികളാണ് നിലവിൽ പ്രതിഷേധിക്കുന്നവരിൽ പലരും.
അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായ ഹരിയാനയിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. പലയിടങ്ങളിലും അക്രമങ്ങളെ തുടർന്ന് വിഛേദിച്ച ഇൻറർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബികെയു നേതാവ് ഗുർണാം സിംഗ് ചതുണിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം തുടങ്ങി. പൽവാളിലും, ഗുഡ്ഗാവിലും, ഫരീദാബാദിലുമാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. പൽവാളിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം വിച്ഛേദിച്ച ഇൻറർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അക്രമം നടന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി.