കോഴിക്കോട്> കൂടത്തായി കൂട്ടക്കൊലകേസ് സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളിലും മറ്റും തെറ്റായ വിവരങ്ങൾ നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രണ്ടാംപ്രതി എം എസ് മാത്യു, മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജി എസ് ആർ ശ്യാംലാൽ മുമ്പാകെ നൽകിയ ഹരജികൾ തള്ളി. ഹരജിയിൽ നെറ്റ്ഫ്ളിക്സ് സിഇഒ, ഫ്ലവേഴ്സ് ചാനൽ എംഡി ശ്രീകണ്ഠൻ നായർ എന്നിവരുടെ ഭാഗം കേട്ടശേഷമാണ് വിധി.
ചിത്രീകരണത്തിനെതിരെ നേരത്തേ ഹൈക്കോടതിയിൽ ഹരജിയുണ്ടായിരുന്നത് തീർപ്പാക്കിയതാണെന്നും പുനഃസംപ്രേഷണമാണ് നടത്തുന്നതെന്നും ഫ്ലവേഴ്സിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. കേസുമായി നേരിട്ട് ബന്ധപ്പെട്ട കാര്യങ്ങളല്ല ചിത്രീകരണത്തിലുള്ളതെന്ന് നെറ്റ്ഫ്ലിക്സ് സിഇഒയുടെ അഭിഭാഷകനും വാദിച്ചു. നെറ്റ്ഫ്ളിക്സ് സിഇഒക്ക് വേണ്ടി അഡ്വ. പി വി ഹരി, ഫ്ലവേഴ്സ് ചാനൽ എംഡിക്കു വേണ്ടി അഡ്വ. ശ്രീനാഥ് ഗിരീഷ് എന്നിവർ ഹാജരായി.
കൂട്ടക്കൊലയിൽപെട്ട റോയ് തോമസ് വധക്കേസ് പരിഗണിക്കുന്നത് ഈ മാസം 11ന് മാറ്റി. അഭിഭാഷകൻ അഡ്വ. ബി എ ആളൂരിവിന് അസുഖമായതിനാൽ കേസ് മാറ്റണമെന്ന പ്രതി ജോളി തോമസിന്റെ അപേക്ഷ പരിഗണിച്ചാണിത്. ഇനിയുള്ള സാക്ഷികളുടെ വിസ്താരത്തിന്റെ തീയതി അന്ന് നിശ്ചയിക്കും. കൂട്ടക്കൊലയിൽ പെട്ട മറ്റ് കേസുകൾ എപ്രിൽ രണ്ടിനും പരിഗണിക്കും. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണൻ, അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇ സുഭാഷ് എന്നിവർ ഹാജരായി.