ദില്ലി : മഥുരയിലെ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന ഷാഹി മസ്ജിദ് അടച്ചു പൂട്ടണമെന്ന ഹർജി ജൂലൈ ഒന്നിന് ജില്ലാ കോടതി പരിഗണിക്കും. ഷാഹി ഈദ്ഗാഹ് മസ്ജിദ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ നാല് മാസത്തിനുള്ളിൽ വാദം പൂർത്തിയാക്കാൻ നേരത്തെ മഥുരക്കോടതിക്ക് അലഹബാദ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി പരിഗണിക്കുന്നത്. അതേ സമയം, മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്തിൻറെ ഉടമസ്ഥാവകാശം ചോദ്യം ചെയ്തുള്ള ഹർജിയിൽ നാളെ ഉത്തരവ് വരും. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്ന അവകാശവാദമാണ് ഹർജിക്കാർ ഉന്നയിക്കുന്നത്.