കൊല്ലം: പരമ്പരാഗത മീൻപിടിത്തയാനങ്ങളിലെ മണ്ണെണ്ണ എൻജിനുകൾ മാറ്റി പെട്രോൾ എൻജിനാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടം ഉൾപ്പെടുന്നത് 200 യാനങ്ങൾ. ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പത്തുകോടിയുടെ പദ്ധതിയിൽ മോട്ടോറൈസേഷൻ സബ്സിഡിയായി അഞ്ചുകോടിരൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്. ആദ്യം ഒരുകോടി വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. കേന്ദ്രസർക്കാർ മണ്ണെണ്ണ വിഹിതം ലഭ്യമാക്കാത്തതും ദിനംപ്രതി വില കുതിച്ചുകയറുന്നതും കടൽ മലിനീകരണം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഘട്ടംഘട്ടമായി എൻജിനുകൾ പെട്രോളിലേക്ക് മാറ്റുന്നത്. നിർവഹണച്ചുമതലയുള്ള മത്സ്യഫെഡിൽ സംയോജിത മത്സ്യവികസന പദ്ധതി പ്രകാരം ഉൾപ്പെടെ എൻജിൻ മാറ്റത്തിന് നിലവിൽ 375 അപേക്ഷ ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടം 200 യാനത്തിലാണ് പുതിയ എൻജിൻ സ്ഥാപിക്കുക. തൊഴിലാളികളുടെ സാമ്പത്തികഭാരം ഇല്ലാതാക്കാൻ 50 ശതമാനം സബ്‌സിഡിയാണ് സർക്കാർ നൽകുന്നത്.
സംസ്ഥാനത്ത് നിലവിൽ 15000 മണ്ണെണ്ണ എൻജിനും 5000 പെട്രോൾ എൻജിനുമുള്ള യാനങ്ങൾ പ്രവർത്തിക്കുന്നു. 9.9 കുതിരശക്തിയുള്ള മണ്ണെണ്ണ എൻജിൻ ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ ഏഴുലിറ്റർ മണ്ണെണ്ണ വേണം. നിലവിൽ മണ്ണെണ്ണ വില ലിറ്ററിന് 101.78 രൂപയാണ്. ശരാശരി 700 ലിറ്റർ മണ്ണെണ്ണയാണ് ഒരു മാസം ആവശ്യം. ഇതിന് ശരാശരി 71,246രൂപ ചെലവ് വരും. എന്നാൽ, പെട്രോൾ എൻജിൻ ഒരുമണിക്കൂർ പ്രവർത്തിക്കാൻ നാലുലിറ്റർ മതി. ഒരുമാസത്തെ ശരാശരി ഉപയോഗം 400ലിറ്ററാണ്. 42,820രൂപയാണ് ചെലവ്. രണ്ട് സ്‌ട്രോക് പെട്രോൾ എൻജിനുകളുടെ ഉപയോഗം വഴി പ്രതിമാസം 15,737രൂപയും നാല് സ്‌ട്രോക് പെട്രോൾ എൻജിന്റെ ഉപയോഗം വഴി 28, 426രൂപയും ഇന്ധനച്ചെലവിൽ മിച്ചംപിടിക്കാം. കൺവർഷൻ കിറ്റ് നൽകി എൻജിനുകൾ എൽപിജിയിലേക്ക് മാറ്റുന്നതിനുള്ള ടെൻഡർ നടപടിയും തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടം 500കിറ്റാണ് ലഭ്യമാക്കുക. ഇതിന് 3.55കോടി രൂപയാണ് വിനിയോഗിക്കുക. 75ശതമാനമാണ് സബ്‌സിഡി.