കൊച്ചി : പോപ്പുലര്‍ഫ്രണ്ട് കേസില്‍ ഒരു പ്രതിക്കെതിരെ കൂടി എന്‍ഐഎ കുറ്റപത്രം നല്കി. പട്ടാമ്പി സ്വദേശി കെ വി സഹീറിനെതിരെ ആണ് കൊച്ചി എൻ ഐ എ കോടതിയിൽ കുറ്റപത്രം നൽകിയത്. 59 പ്രതികൾക്കെതിരെ നേരെത്തെ കുറ്റപത്രം നൽകിയിരുന്നു. പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസിന് പിറകെ ഒളിവിൽ ആയിരുന്ന പ്രതിയെ എൻ ഐ എ പിടികൂടുകയായിരുന്നു. കേരളം കേന്ദ്രീകരിച്ചുള്ള ഭീകര പ്രവർത്തനങ്ങളിൽ സഹീർ പ്രധാന പങ്കാളി എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പോപ്പുലര്‍ഫ്രണ്ട് കേസില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ എന്‍ഐെ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതരമതസ്ഥർക്കെതിരെ ഗൂഡാലോചന നടത്തിയെന്നാണ് 59 പ്രതികള്‍ക്കെതിരെ നേരത്തെ നല്കിയ കുറ്റപത്രത്തില്‍ എന്‍ഐഎ വ്യക്തമാക്കിയിരുന്നത്. ജനങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാനായിരുന്നു ഇവരുടെ നീക്കമെന്നും ജനാധിപത്യത്തെ ഇല്ലാതാക്കി ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് പ്രതികൾ ശ്രമിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. മുസ്ലീം യുവാക്കൾക്കിടയിൽ ആയുധ പരിശീലനം നടത്താനും പോപ്പുലർ ഫ്രണ്ട് ശ്രമിച്ചതായി റിപ്പോർട്ടിലുണ്ട്. 2047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചത്. ഇതിനായി പണസമാഹരണം നടത്തിയെന്നും എൻഐഎ പറയുന്നു. ഭീകരസംഘടനയായ ഐഎസിന്റെടയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കാനായിരുന്നു ശ്രമം.