കൊച്ചി ∙ നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യവിഭാഗമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയിൽ. സംഘടനാ ഓഫിസുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ പ്രവര്‍ത്തിച്ചതായും ഇതരസമുദായക്കാരുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കിയെന്നും എൻഐഎ പറഞ്ഞു. സംസ്ഥാന വ്യാപകമായി നെറ്റ്്വര്‍ക്ക് ഉണ്ടായിരുന്ന ഇവരുടെ ചുമതലയായിരുന്നു വിവരശേഖരണവും പട്ടിക തയാറാക്കലും. നേതാക്കളുടെ ഐഎസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എൻഐഎ കോടതിയിൽ അറിയിച്ചു
അറസ്റ്റിലായ പിഎഫ്ഐ സംസ്ഥാന നേതാക്കളുടെ റിമാന്‍ഡ് കാലാവധി ദീര്‍ഘിപ്പിക്കണമെന്ന അപേക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. പ്രതികളുടെ റിമാന്‍ഡ് കാലാവധി കോടതി 90 ദിവസത്തേക്ക് കൂടി നീട്ടി.കഴിഞ്ഞ സെപ്റ്റംബറിലാണ് പിഎഫ്ഐ ദേശീയ, സംസ്ഥാന നേതാക്കളുടെ വീടുകളിലും പാർട്ടി ഓഫിസുകളിലും പരിശോധന നടത്തി അവരെ കസ്റ്റഡിയിൽ എടുത്ത ശേഷം അറസ്റ്റു രേഖപ്പെടുത്തിയത്. കേന്ദ്രസേനയുടെ സഹായത്തോടെ എൻഫോഴ്സ്മെന്റും എൻഐഎയും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. പോപ്പുലർഫ്രണ്ട് പ്രവർത്തകർ നേതാക്കളുടെ അറിവോടെ തീവ്രവാദ പ്രവർത്തനങ്ങൾക്കു പണം എത്തിച്ചെന്നും ആയുധ പരിശീലനം നടത്തിയെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ഡൽഹിയിൽ അറസ്റ്റിലായവരുടെ കസ്റ്റഡി പട്യാല കോടതി നീട്ടി നൽകിയിട്ടുണ്ട്.