ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് – പി.ജി കൗൺസലിങ് ജനുവരി 12 മുതൽ നടക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചതാണ് ഇക്കാര്യം. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് 2022 ജനുവരി 12 മുതൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നീറ്റ് – പി.ജി കൗൺസലിങ് ആരംഭിക്കും. കൊറോണക്കെതിരെ പോരാടാൻ ഇത് കൂടുതൽ ശക്തി പകരും. എല്ലാ ഉദ്യോഗാർഥികൾക്കും ആശംസകൾ’ – മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. അഖിലേന്ത്യാ മെഡിക്കൽ ബിരുദ, ബിരുദാനന്തര ക്വോട്ടയിൽ 27 ശതമാനം ഒ.ബി.സി സംവരണത്തിന് സുപ്രീംകോടതി വെള്ളിയാഴ്ച അംഗീകാരം നൽകിയിരുന്നു.
അതേ സമയം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണം അന്തിമ വാദത്തിനായി മാർച്ച് മാസത്തിലേക്ക് സുപ്രീംകോടതി മാറ്റിവെച്ചു. ഈ വർഷത്തെ കൗൺസിലിങ് നടപടികൾ തടസപ്പെടാതിരിക്കാൻ 10 ശതമാനം ഈ വർഷം മാത്രം നടപ്പാക്കാനും സുപ്രീംകോടതി അനുമതി നൽകിയിരുന്നു. മെഡിക്കൽ പി.ജി പ്രവേശനം വൈകുന്നതിനാൽ 45,000 റസിഡൻഷ്യൽ ഡോക്ടർമാരുടെ കുറവുണ്ടായിരുന്നു. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ കൗൺസലിങ് ആരംഭിക്കുന്നതോടെ ഇത് പരിഹരിക്കാനാകും.